
സെർച്ച് എഞ്ചിനുകളുടെയും എ ഐ യുടെയും ഈ ആധുനിക കാലഘട്ടത്തിൽ സുവിശേഷം കൂടുതൽ എളുപ്പത്തിൽ ആളുകളിലേക്ക് എത്തിക്കാൻ കത്തോലിക്കാ സഭയ്ക്ക് കലാകാരന്മാരുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ ‘ഡിപാർട്ട്മെന്റ് ഫോർ കൾച്ചർ ആൻഡ് എജ്യുക്കേഷൻ’ സംഘടിപ്പിച്ച “ദി ആർട്ട് ഓഫ് പോസിബിലിറ്റി: വീവിംഗ് ടുഗെദർ” പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാപ്പ.
യന്ത്രങ്ങൾ ദശലക്ഷക്കണക്കിന് ചിത്രങ്ങൾ വിശകലനം ചെയ്ത് ഉണ്ടാക്കുന്ന ചിത്രങ്ങളും മനുഷ്യന്റെ യഥാർഥ സർഗാത്മകതയും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെയും ആത്മീയതയുടെയും ലോകത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കലാകാരന്മാർക്ക് സാധിക്കുമെന്നും, അതിനാൽ സഭ കലാകാരന്മാരുമായുള്ള ബന്ധം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കി.




