കംബോഡിയയിൽ കാണാതായ കത്തോലിക്കാ മനുഷ്യാവകാശ പ്രവർത്തകർ വിയറ്റ്നാമിൽ തടങ്കലിൽ

കംബോഡിയ സന്ദർശനത്തിനിടെ കാണാതായ രണ്ട് പ്രമുഖ വിയറ്റ്നാമീസ് വംശജരായ കത്തോലിക്കാ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് തീവ്രവാദ വിരുദ്ധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി വിയറ്റ്നാം പൊതുസുരക്ഷാ മന്ത്രാലയം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയൻ പൗരനായ ഹോ ഫാം ഹിപ് ഹുയി (ട്രാൻ ഹിപ്), നോർവീജിയൻ പൗരനായ എൻഗുയൻ ഡുക് തുവാൻ, വിയറ്റ്നാം പൗരനായ തായ് കോങ് ട്രൂഓങ് സോൺ എന്നിവരാണ് തടങ്കലിലുള്ളത്.

സെപ്റ്റംബർ 15-ന് കംബോഡിയയിലെ നോം പെന്നിൽ എത്തിയ ഇരുവരെയും സെപ്റ്റംബർ 18 മുതലാണ് കാണാതായത്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കവേ പിടിയിലായെന്നാണ് വിയറ്റ്നാം ഭരണകൂടത്തിന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് കംബോഡിയയിൽ നിന്ന് ഇവരെ വിയറ്റ്നാം സുരക്ഷാസേന ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രദേശത്തെ മനുഷ്യാവകാശ സംഘടനയായ ‘വിയെറ്റ് ടാൻ’ ആരോപിക്കുന്നു.

ജനങ്ങളുടെ മതസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമായി ശബ്ദമുയർത്തുന്ന ഈ കത്തോലിക്കാ പ്രവർത്തകർക്കെതിരെ ഭീകരവാദ ആരോപണങ്ങളും വ്യാജരേഖ ചമയ്ക്കലുമാണ് വിയറ്റ്നാം ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ, നോർവേ വിദേശകാര്യ മന്ത്രാലയങ്ങൾ വിയറ്റ്നാം അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്.

വിയറ്റ്നാമിന്റെ അതിർത്തികടന്നുള്ള ഈ അടിച്ചമർത്തൽ നടപടിയെ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ശക്തമായി അപലപിച്ചു. വിദേശ പൗരത്വം സ്വീകരിച്ചവരെപ്പോലും വേട്ടയാടുന്ന വിയറ്റ്നാം ഭരണകൂടത്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് CSW ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് ബോവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.