തെക്കൻ ലെബനനിലെ ക്രൈസ്തവർക്കായി പ്രാർഥനയോടെ തീർഥാടനം നടത്തി ലെബനീസ് വിശ്വാസികൾ

തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ കഴിയുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് പിന്തുണയും പ്രത്യാശയും പ്രഖ്യാപിച്ചുകൊണ്ട് ലെബനനിലെ കത്തോലിക്കാ വിശ്വാസികൾ കാൽനടയാത്ര സംഘടിപ്പിച്ചു. ബിബ്ലോസിൽ നിന്ന് ആരംഭിച്ച തീർഥാടനം ലെബനനിലെ പ്രശസ്തമായ വിശുദ്ധ ചാർബെലിന്റെ ഭവനമായ അന്നായായിലേക്കാണ് നടത്തിയത്.

രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന ക്രൈസ്തവർക്ക് പ്രാർഥനയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഈ കാൽനടയാത്രയുടെ പ്രധാന ലക്ഷ്യം. തീർഥാടനത്തിലുടനീളം പ്രാർഥനകളും ജപമാലകളും ചൊല്ലി ആയിരക്കണക്കിന് വിശ്വാസികളാണ് ഈ പ്രാർഥനായജ്ഞത്തിൽ പങ്കുചേർന്നത്.

കിഴക്കൻ കത്തോലിക്കാ സഭയിലെ പ്രശസ്തനായ അദ്ഭുതപ്രവർത്തകനും മാരോനൈറ്റ് സന്ന്യാസിയുമായ വിശുദ്ധ ചാർബെലിന്റെ മധ്യസ്ഥത അപേക്ഷിച്ച്, രാജ്യത്ത് സമാധാനവും സംരക്ഷണവും പുലരണമെന്ന് വിശ്വാസികൾ പ്രാർഥിച്ചു. തെക്കൻ ലെബനനിൽ നിരന്തരം തുടരുന്ന അനിശ്ചിതാവസ്ഥയിലും ഭീതിയിലും സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കുന്ന ക്രൈസ്തവ സമൂഹങ്ങൾക്ക് ഈ പ്രാർഥനാ യാത്ര വലിയ ആശ്വാസവും ആത്മീയ ബലവും നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.