ഭീതി വിട്ടൊഴിയാതെ നൈജീരിയയിലെ ക്രൈസ്തവർ: തീവ്രവാദികൾ ഒരാളെ കൊലപ്പെടുത്തി; 25 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ കാച്ചിയ കൗണ്ടിയിലെ ഉങ്‌വാൻ ബക്ക ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ക്രൈസ്തവൻ കൊല്ലപ്പെട്ടു. ഒക്ടോബർ 31 -നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും 25 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

പുലർച്ചെയാണ് ക്രിസ്ത്യൻ ഗ്രാമവാസികൾ ആക്രമിക്കപ്പെട്ടതെന്ന് യൂസഫ് മോണിംഗ് സ്റ്റാർ ന്യൂസിനോട് വെളിപ്പെടുത്തി. പരിക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. “ഇത് ഞങ്ങളുടെ സമൂഹത്തിനുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ്” – പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. ഏപ്രിൽ മൂന്നിന് ആയുധധാരികളായ അക്രമികൾ പ്രദേശം ആക്രമിക്കുകയും അവോണിലെ പബ്ലിക് ഹൈസ്കൂളായ ഗവൺമെന്റ് സെക്കൻഡറി സ്കൂളിൽനിന്ന് എട്ട് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഏപ്രിൽ 18 -നാണ് പെൺകുട്ടികളെ സൈന്യം രക്ഷപെടുത്തിയത്.

ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് അനുസരിച്ച്, 2022 -ൽ 5,014 ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. 4,726 ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്. അവരെ ലൈംഗികമായി ദുരുപയോഗിക്കുകയോ, നിർബന്ധിതമായി വിവാഹം കഴിക്കുകയോ, ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പള്ളികൾ ആക്രമിക്കുകയും ആഭ്യന്തരമായി കുടിയിറക്കപ്പെടുകയും ചെയ്ത രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് നൈജീരിയ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.