ചെറിയ നിമിഷങ്ങളിലെ വലിയ അദ്ഭുതങ്ങൾ

ജീവിതത്തിന്റെ വലിയ തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്നത് ചുറ്റുമുള്ള കൊച്ചു കൊച്ചു ആനന്ദങ്ങളെയാണ്. ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ വലിയ വിജയങ്ങളോ അദ്ഭുതങ്ങളോ സംഭവിക്കണമെന്നില്ല. നമ്മുടെ മനസ്സൊന്ന് തുറന്നുപിടിച്ചാൽ അനുദിന ജീവിതത്തിലെ ഓരോ നിമിഷവും മനോഹരമായ അനുഭവമാക്കി മാറ്റാം. ചെറിയ നിമിഷങ്ങളെ ആനന്ദകരമാക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ജീവിതം മനോഹരമാകുന്ന വലിയ അദ്ഭുതം നമുക്ക് കാണാനാകും. അതിനു നമ്മെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ.

നല്ല നിമിഷങ്ങൾക്കായി കരുതിയിരിക്കുക

ഓരോ പുലരിയിലും സന്തോഷം തരുന്ന ഒരു കൊച്ചു കാര്യമെങ്കിലും കണ്ടെത്തും എന്ന് സ്വയം ഉറപ്പിക്കുക. ആ പോസിറ്റീവ് ചിന്ത നമ്മുടെ ദിവസത്തെ തന്നെ പ്രകാശപൂർണ്ണമാക്കും. ഒരു രസകരമായ കാര്യം എന്തെന്ന് വച്ചാൽ നാം മനസ്സ് തുറന്നു സന്തോഷത്തിനായി തിരയുമ്പോൾ ആ ദിവസം മുഴുവൻ സന്തോഷം നൽകുന്ന കാര്യങ്ങളായിരിക്കും നമ്മിലേക്ക്‌ എത്തുക.

തിരക്കുകളിൽ നിന്ന് അല്പം വിശ്രമം

യാന്ത്രികമായ ഓട്ടങ്ങൾക്കിടയിൽ അല്പസമയം മാറ്റിവയ്ക്കാം. ഒരു തണുത്ത കാറ്റോ, പെയ്യുന്ന മഴയോ, വിരിയുന്ന പൂവോ ആസ്വദിക്കാൻ ആ സമയം ഉപയോഗിക്കാം. എനിക്കെപ്പോഴും തിരക്കാണ് എന്ന പതിവ് പല്ലവി മാറ്റി ഞാൻ ഇന്ന് അൽപ്പം ശാന്തത കണ്ടെത്തും എന്ന് ചിന്തിക്കുക. അപ്പോൾ തന്നെ നമ്മുടെ മനസ്സും അതിനായി ഉള്ള പരിശ്രമം ആരംഭിക്കും.

സന്തോഷത്തിന്റെ ഓർമ്മച്ചെപ്പ്

ദിവസവും മനസ്സിൽ തൊട്ട മനോഹര നിമിഷങ്ങൾ ഒരു കുറിപ്പായോ ചിത്രമായോ സൂക്ഷിക്കുക. സങ്കടം തോന്നുമ്പോൾ തിരിച്ചെടുത്തു നോക്കാൻ അത് വലിയൊരു നിധിയായിരിക്കും. ജീവിതത്തിൽ സങ്കടം മാത്രമല്ല ദൈവം ഒരുപാട് സന്തോഷവും നൽകി എന്നതിന്റെ വലിയ ഒരു ഓർമ്മപ്പെടുത്തലായി ഇത്തരം കുറിപ്പുകൾ മാറും. അത് ജീവിതത്തിനു സന്തുലിതമായ ഒരു താളം കണ്ടെത്താൻ നമ്മെ സഹായിക്കും.

കൊച്ചുകൊച്ചു ആനന്ദങ്ങൾ സ്വയം സൃഷ്ടിക്കുക

നമ്മുടെ സന്തോഷം വർധിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുക. ആ സന്തോഷങ്ങൾ നമുക്കായി സൃഷ്ടിക്കുക എന്നത് വലിയ ഒരു കാര്യമാണ്. ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കുക, ഒരു ഗ്ലാസ് ചൂട് ചായ ആസ്വദിച്ചു കുടിക്കുക, പ്രിയപ്പെട്ടവരോട് ഒരു വാക്ക് സംസാരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ നമ്മുടെ മനസ്സിലേക്ക് സന്തോഷം കടന്നുവരാൻ അവസരമൊരുക്കുക. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുമ്പോൾ വലിയ കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം കൂടിയാണ് നമുക്ക് ലഭിക്കുന്നത് എന്ന് ഓർക്കുക.

നന്ദിയുള്ള മനസ്സോടെ ആയിരിക്കുക

നന്ദി പറയുക എന്നത് വലിയ കാര്യമാണ്. നന്ദി പറയുമ്പോൾ എന്തിനൊക്കെ നന്ദി പറയണം എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നന്ദിപറയാൻ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വലിയ കാര്യങ്ങളായിരിക്കും. എന്നാൽ കിട്ടാത്ത കാര്യങ്ങളെക്കുറിച്ചുള്ള സങ്കടത്തേക്കാൾ, നമുക്ക് ലഭിച്ച കൊച്ചു കൊച്ചു അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു തുടങ്ങുക. അത് മനസ്സിന് വല്ലാത്തൊരു ശാന്തത നൽകും. ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങളെ തിരിച്ചറിയുമ്പോൾ മാത്രമാണ് ജീവിതം യഥാർഥത്തിൽ അർഥപൂർണ്ണവും സുന്ദരവുമാകുന്നത്.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.