
“മിണ്ടരുത്, അവനെ വിട്ടുപോകൂ” (വാക്യം 35).
നന്മയും തിന്മയും തമ്മിലുള്ള സംഘര്‍ഷം ഏതൊരു മനുഷ്യന്റെയും ആന്തരീക ജീവിതത്തിന്റെ അനുദിന അനുഭവമാണ്. ദൈവം തന്റെ ഉൽകൃഷ്ടവും നിസ്വാർഥവുമായ സ്നേഹത്താൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയും രക്ഷയുടെ അനുഭവം നൽകുന്നുണ്ടെങ്കിലും മനുഷ്യന്റെ ആന്തരീക ജീവിതത്തെ നയിക്കാനുള്ള തന്റെ പ്രവർത്തനങ്ങൾ പിശാച് തുടർന്നുകൊണ്ടിരിക്കുന്നു.
പാപം മൂലം മനുഷ്യനിലുണ്ടായ അധഃപതന-സ്വഭാവം (Fallen-state) ചിലപ്പോൾ അന്ധകാരശക്തികളുമായി രഹസ്യധാരണയിൽ എത്തുകയും അങ്ങനെ പൈശാചികശക്തികൾ ആത്മീയജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഒരർഥത്തിൽ പിശാചുബാധ. മിണ്ടരുത്, അവനെ (എന്നെ) വിട്ടുപോകൂ” എന്ന പൈശാചിക ബഹിഷ്‌കരണത്തിന്റെ വാക്കുകൾ അന്തരാത്മാവിൽ എന്നും ഉരുവിടേണ്ട വാക്കുകളാണ്.
പ്രത്യാശ കൈവെടിയുന്നത് പൈശാചികശക്തികൾക്ക് മനുഷ്യജീവിതത്തിൽ നിയന്ത്രണശക്തി നൽകുമെന്നതിനാൽ വിശ്വാസശക്തിയാൽ അനുദിനവും അവയെ നിയന്ത്രിക്കുകയും പുറത്താക്കുകയും ചെയ്യുക എന്നത് ആത്മീയജീവിതത്തിലെ നിലനിൽപ്പിന് അത്യാവശ്യമാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




