ആഗോള സിനഡിന് പ്രാർഥനയുമായി യുവജനങ്ങൾ ലെബനനിൽ

ആഗോള മെത്രാൻസിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലെബനനിലെ ജെബെയിൽ ഏകദേശം അഞ്ഞൂറോളം യുവജനങ്ങൾ ഒത്തുകൂടി പ്രാർഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾ മുൻനിർത്തിയാണ് മിഡിൽ ഈസ്റ്റിലെ വിവിധ സഭകളിൽപെട്ട യുവജനങ്ങൾ പ്രാർഥിക്കാൻ ഒത്തുകൂടിയത്.

ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പി.എം.എസ്) തായ്‌സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലാണ് ഈ എക്യൂമെനിക്കൽ പ്രാർഥനാസമ്മേളനം സംഘടിപ്പിച്ചത്. സെപ്റ്റംബർ 16, ശനിയാഴ്ചയാണ് ഈ പ്രാർഥനാകൂട്ടായ്മ നടന്നത്. ‘ഒരുമിച്ച്’ (together) എന്നപേരിലാണ് പ്രാർഥനാസമ്മേളനം നടത്തിയത്. ഒരു ദിവസം മുഴുവൻ ദൈവവചന പഠനവും ധ്യാനവും പ്രാർഥനകളുമൊക്കെയായി യുവജനങ്ങൾ പ്രാർഥനയിലായിരുന്നു.

വിവിധ ആരാധനാക്രമ പാരമ്പര്യങ്ങളുടെ സ്തുതിഗീതങ്ങൾ ജാഗ്രതയുടെ ‘പ്രാരംഭമായി’ ആലപിച്ചു. ജാഗരണപ്രാർഥനയ്ക്കു മുന്നോടിയായി യുവജനങ്ങൾ ജെബെയിൽ തുറമുഖത്ത്, ബോട്ടിലെത്തിച്ച യേശുവിന്റെ കുരിശിനെ സ്വീകരിക്കുകയും അവിടെനിന്നും പ്രദക്ഷിണമായി സെന്റ് ജോൺ ആൻഡ് മാർക്ക് കത്തീഡ്രൽ പാർക്കിലെ എക്യൂമെനിക്കൽ വേദിയിലേക്ക് കുരിശുരൂപം സംവഹിക്കപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.