സുഡാൻ പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ മനുഷ്യാവകാശ ലംഘനങ്ങളും വരാനിരിക്കുന്ന വലിയ പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ അടിയന്തര യോഗം ചേരുന്നു. സുഡാനിലെ നോർത്ത് കോർദോഫാൻ മേഖലയിലുള്ള അൽ-ഉബൈദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരായ അഞ്ച് ലക്ഷത്തോളം പേർ ക്രൂരമായ കൂട്ടക്കൊലകൾക്കും അക്രമങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ അടിയന്തര നീക്കം.

ജർമ്മനി, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സംയുക്ത സമിതിയുടെ ഔദ്യോഗിക അഭ്യർഥന മാനിച്ചാണ് യോഗം വിളിച്ചിരിക്കുന്നത്. മേഖലയിൽ വൻതോതിലുള്ള അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഈ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഡ്രോൺ ആക്രമണങ്ങൾ മൂലം ജനവാസമേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ഇന്ധന-ജലക്ഷാമം രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. നഗരം പൂർണ്ണമായും ഉപരോധിക്കപ്പെട്ട അവസ്ഥയിലായതിനാൽ പതിനായിരക്കണക്കിന് ആളുകൾ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിക്കാതെ അൽ-ഉബൈദിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കു ശേഷം കൗൺസിലിൽ ഒരു കരട് പ്രമേയം അവതരിപ്പിക്കുമെന്നും സമിതി അറിയിച്ചു.

അതിനിടെ, സുഡാൻ സൈന്യത്തിനെതിരെ പോരാടുന്ന പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ് ) കഴിഞ്ഞ ഒക്ടോബറിൽ നോർത്ത് ഡാർഫറിന്റെ തലസ്ഥാനമായ അൽ-ഫാഷർ പിടിച്ചെടുത്തതിനു ശേഷം നാല് വനിതകൾ ഉൾപ്പെടെ 20 ഡോക്ടർമാരെ തടവിലാക്കിയതായി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് അറിയിച്ചു. ഇവരെ എങ്ങോട്ടാണ് മാറ്റിയതെന്ന് ഇതുവരെ വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.