ഇന്ത്യയുടെ മുഖമുദ്രയായ മതേതരത്വം സംരക്ഷിക്കപ്പെടണം; തീവ്രവാദത്തെയും ഭീകരവാദത്തെയും തുടച്ചുനീക്കാൻ ഭരണകൂടവും പൊതുസമൂഹവും തയ്യാറാകണം

കെസിബിസി കമ്മീഷൻ ഫോർ സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസിന്റെ പ്രസ്താവന

കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ കേരളസമൂഹത്തിൽ സമുദായികമായും വർഗ്ഗീയമായും മതപരമായും സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിടവുകൾ ഭയാനകമാണ്. കലാപങ്ങളോളമെത്തുന്ന സാമുദായിക ധ്രുവീകരണത്തിന്റെ തികവുറ്റ ഉദാഹരണമായി കേരളത്തിന്റെ സാമൂഹികപശ്ചാത്തലം മാറിക്കഴിഞ്ഞിരിക്കുന്നു. തമ്മിൽ യോജിക്കാൻ കഴിയാത്തവിധം ഈ സമൂഹങ്ങൾ അകന്നുകഴിഞ്ഞോ എന്നുപോലും സംശയിക്കുന്നവർ പലരുണ്ട്. സ്വാർത്ഥ താല്പര്യങ്ങൾക്കും നിഗൂഢമായ സ്ഥാപിത താല്പര്യങ്ങൾക്കും വേണ്ടി ജനങ്ങളെ തമ്മിൽ കലഹിപ്പിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ചില നേതൃത്വങ്ങൾ അത്തരം ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഇടപെടലുകൾ നിരന്തരം നടത്തിവരുന്നതിന്റെ തുടർച്ചയാണ് ഇന്ന് നാം കണ്ടുവരുന്ന വിവിധ അക്രമസംഭവങ്ങളും അനുബന്ധ വിവാദങ്ങളും.

ഇന്ത്യയുടെ മുഖമുദ്രയായി വാഴ്ത്തപ്പെട്ടിട്ടുള്ള മതേതരത്വം എന്ന അനന്യമായ സവിശേഷതയ്ക്ക് ഗുരുതരമായ കോട്ടമാണ് കഴിഞ്ഞ കാലങ്ങളിലായി സംഭവിച്ചിട്ടുള്ളത്. ചില പ്രത്യേക ലക്ഷ്യങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളില്ലാതെ ഇവിടെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള വിദ്വേഷപ്രഭാഷണങ്ങളും പ്രചാരണങ്ങളും ഇത്തരമൊരു അവസ്ഥയിലേക്ക് ഈ നാടിനെ എത്തിക്കാൻ മുഖ്യകാരണങ്ങളായിട്ടുണ്ട്. എം.എം. അക്ബറിനെപ്പോലുള്ള പ്രഭാഷകരുടെയും കെ.പി. ശശികലയെപ്പോലുള്ള രാഷ്ട്രീയപ്രവർത്തകരുടെയും പരാമർശങ്ങളും വ്യാഖ്യാനങ്ങളും ഉദാഹരണങ്ങളാണ്. ഒട്ടേറെപ്പേരിൽ തെറ്റിദ്ധാരണകളും അന്യമത വിദ്വേഷവും ജനിപ്പിക്കാനും അതിൽ അനേകായിരങ്ങളെ വളർത്താനും ഇത്തരം അനേകരുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.

രാഷ്ട്രീയ നേട്ടങ്ങൾക്കായാലും മതരാഷ്ട്ര നിർമ്മിതിക്കായാലും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഒരു വിഭാഗം ജനങ്ങൾ സ്വീകരിച്ചതും, സർക്കാർ സംവിധാനങ്ങളും ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരും മൃദുസമീപനങ്ങൾ കൈക്കൊണ്ടതും സ്വാധീനങ്ങൾക്ക് വഴങ്ങിക്കൊടുത്തതും അഴിമതിയുടെ ആകർഷണങ്ങൾക്ക് വഴങ്ങിയതുമാണ് ഇത്തരമൊരു സാഹചര്യം ഇവിടെ സൃഷ്ടിക്കാനുള്ള പ്രധാന കാരണങ്ങൾ. സ്വാർത്ഥ താൽപര്യങ്ങൾക്കും തൽപരകക്ഷികളുടെ പ്രലോഭനങ്ങൾക്കും വഴിപ്പെട്ടുകൊടുത്ത ഭരണസംവിധാനങ്ങൾ പരിഹാരം ദുഷ്കരമായ ഒരു അപകടസാഹചര്യത്തിലേക്കാണ് ഈ സമൂഹത്തെ എത്തിച്ചിരിക്കുന്നത് എന്നുള്ളത് നിസ്തർക്കമാണ്.

കഴിഞ്ഞ ചില ദിവസങ്ങളായി കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന തീവ്രവാദ – ഭീകരവാദ സംബന്ധമായ വിഷയങ്ങൾ നിസ്സാരമായി എഴുതിത്തള്ളാൻ കഴിയുന്നവയല്ല. അനേകരുടെ ജീവനെടുത്തും മറ്റുള്ളവരെ അടിച്ചമർത്തിയും തങ്ങളുടെ ലക്ഷ്യം നേടാൻ ചിലർ കരുക്കൾ നീക്കുന്നു എന്നുള്ളത് ഒരുപക്ഷേ, കേരളജനതയെ ഒരു പരിധിക്കപ്പുറം അമ്പരപ്പിക്കാനിടയില്ല. പക്ഷേ, തങ്ങളുടെ ലക്ഷ്യങ്ങളിൽ അത്തരക്കാർ എത്രത്തോളം മുന്നേറിക്കഴിഞ്ഞിരിക്കുന്നു എന്നുള്ള തിരിച്ചറിവ് ആരെയും നടുക്കുന്നതാണ്. ആനുകാലിക കേരളത്തിലെ പച്ചയായ യാഥാർഥ്യങ്ങളിലൊന്നായി ഭീകരപ്രവർത്തനം മാറിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ട വസ്തുതയാണ്.

മതാത്മകത തീവ്രവാദവും മൗലികവാദവുമായി മാറുകയും തുടർന്ന് അത് ഭീകരവാദമായി പരിണമിക്കുകയും ചെയ്തിട്ടുള്ളതാണ് ഇതിനകം മതതീവ്രവാദം കീഴടക്കിക്കഴിഞ്ഞ സകല ദേശങ്ങളുടെയും ചരിത്രം. ഇത്തരം മുൻകാല മാതൃകകളെ പരിഗണിച്ച് ഛിദ്രശക്തികൾക്ക് അപകടകരമാംവിധം സ്വാതന്ത്ര്യം നൽകുകയും, അവരുടെ സമ്മർദ്ദങ്ങൾക്ക് വിയോജിപ്പുകൾ കൂടാതെ കീഴടങ്ങുകയും ചെയ്യുന്ന ഭരണകൂടങ്ങൾ ഇനിയെങ്കിലും പുനർവിചിന്തനം നടത്തുകയും തെറ്റുകൾ തിരുത്തുകയും ചെയ്യേണ്ടതുണ്ട്.

മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുകയോ, മതരാഷ്ട്രത്തെ വിഭാവനം ചെയ്യുകയോ ചെയ്യുന്ന എല്ലാ പ്രത്യായശാസ്ത്രങ്ങളും ഒന്നുപോലെ എതിർക്കപ്പെടേണ്ടതാണ്. കാരണം, മൗലികവാദം രാഷ്ട്രീയത്തിൽ ഉൾച്ചേർന്നാൽ അത് മറ്റാരെയും ഉൾക്കൊള്ളാൻ കഴിയാത്തവിധം ഇടുങ്ങിയതായി മാറും. തങ്ങൾക്ക് ചേരാത്തതിനെ ഇല്ലാതാക്കാനുള്ള പ്രവണത കൂടി ഉൾപ്പെടുന്നതാണ് മത-വർഗ്ഗീയ മൗലികവാദം. ശത്രുവിന്റെ ശത്രു മിത്രം എന്ന തത്വത്തിന് ഇവിടെ പ്രസക്തിയില്ല. സൗഹാർദ്ദം താൽക്കാലികവും, ശത്രുത സ്ഥിരതയുള്ളതുമായ പ്രതിഭാസമാണ് അത്. ഇത്തരം യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് എല്ലാവിധ തീവ്രവാദ പ്രവണതകളെയും അത് അർഹിക്കുന്ന വിധത്തിൽ തള്ളിക്കളയാനുള്ള ആർജ്ജവം എല്ലാ സമുദായങ്ങൾക്കും ഉണ്ടാകണം.

തിരുത്തൽശക്തികളായി മാറാനുള്ള മനോബലമാണ് ഇക്കാലഘട്ടത്തിൽ സമുദായ നേതൃത്വങ്ങൾ പ്രകടിപ്പിക്കേണ്ടത്. ഏതൊരു സമുദായത്തിന്റെയും ഉള്ളിൽ നിന്ന് മൗലികവാദപരവും തീവ്രവാദപരവുമായ ആശയങ്ങൾ രൂപപ്പെടാനുള്ള സാധ്യതകളുണ്ട്. അത്തരം ആശയങ്ങൾ പ്രത്യയശാസ്ത്രങ്ങളുമായി മാറുന്നതും മാനവികതയ്ക്ക് വിരുദ്ധമായ രൂപഭാവങ്ങളിൽ ജനമനസുകളിൽ പ്രചരിപ്പിക്കപ്പെടുന്നതും സമൂഹത്തിന് ഭീഷണിയായി മാറുന്ന വിധത്തിൽ ഭീകരവാദമായി അവതരിക്കപ്പെടുന്നതും ഒഴിവാക്കാൻ സമുദായ നേതൃത്വങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത്തരത്തിൽ, മത്സരിച്ച് ജയിക്കാനോ, അടിച്ചമർത്തി തോല്പിക്കാനോ, കൊന്നൊടുക്കി ഇല്ലാതാക്കാനോ പദ്ധതികൾ മെനയുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും ഒന്നുപോലെ നിരീക്ഷിക്കാനും യുക്തമായ ഇടപെടലുകൾ നടത്തി നിയന്ത്രിക്കാനും ജനങ്ങളുടെ ഭീതി അകറ്റാനും സർക്കാർ തയ്യാറാകണം.

കെസിബിസി കമ്മീഷൻ ഫോർ സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.