
നൈജീരിയയിൽ ഏപ്രിൽ 20-ന് ഫുലാനി തീവ്രവാദികൾ മറ്റ് ഒൻപത് ക്രൈസ്തവർക്കൊപ്പം തട്ടിക്കൊണ്ടുപോയ നാലും പതിമൂന്നും വയസ്സുള്ള രണ്ടു പെൺകുട്ടികൾ നവംബർ രണ്ടിന് മോചിതരായതിന് തൊട്ടുപിന്നാലെ മരണമടഞ്ഞു. കഡുന (Kaduna) സംസ്ഥാനത്ത് ഏകദേശം ഏഴ് മാസത്തോളം തടവിലാക്കപ്പെട്ട് പട്ടിണിയും രോഗവും പീഡനങ്ങളും അനുഭവിച്ച ശേഷമാണ് സിൽവിയ സാമുവൽ എന്ന നാലുവയസ്സുകാരിയും 13 വയസ്സുകാരിയായ ഹസാന ബുലസും മരണത്തിനു കീഴടങ്ങിയത്.
സിൽവിയയുടെ ഗർഭിണിയായ അമ്മ ജോയ് സാമുവൽ തടവിലിരിക്കെ പ്രസവിക്കുകയും, നവജാതശിശു മരിച്ചതിന് ദിവസങ്ങൾക്കു ശേഷം അവരും മരണപ്പെടുകയുമായിരുന്നു. കാച്ചിയ (Kachia) കൗണ്ടിയിലെ അവോൺ (Awon) ഗ്രാമത്തിൽ നിന്ന് സായുധരായ ഫുലാനികൾ തട്ടിക്കൊണ്ടുപോയ 11 ക്രൈസ്തവരിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. തടവിലിരിക്കെ മരിച്ചവരിൽ 14 വയസ്സുള്ള ഡിവൈൻ, ഫെയ്ത്ത് കെഫാസ് (14), റേച്ചൽ ബുലസ് (14), യൂസഫ് ബാവ (34), അദ്ദേഹത്തിന്റെ അഞ്ച് വയസ്സുള്ള മകൻ എന്നിവരും ഉൾപ്പെടുന്നതായി പ്രദേശവാസിയായ അയൂബ ദബായ് വ്യക്തമാക്കി.
ഏപ്രിൽ 20-ന് തട്ടിക്കൊണ്ടുപോകുമ്പോൾ സിൽവിയയുടെ അമ്മ ഗർഭിണിയായിരുന്നുവെന്ന് പ്രദേശവാസിയായ റൂബൻ ബുഹാരി പറഞ്ഞു. “ഏകദേശം 90 ദിവസത്തെ ദുരിതപൂർണ്ണമായ തടവിന് ശേഷം, കാട്ടിൽ വച്ച് അവളുടെ അമ്മ പ്രസവിച്ചു. യാതൊരു വൈദ്യസഹായവുമില്ലാതെ, അതികഠിനമായ സാഹചര്യങ്ങളിൽ പിറന്ന ആ നവജാതശിശു മരിച്ചു; ദിവസങ്ങൾക്ക് ശേഷം അവളുടെ അമ്മയും മരിച്ചു. ഇതോടെ കൊച്ചു സിൽവിയ അക്രമികളുടെ കൈകളിൽ പൂർണ്ണമായും ഒറ്റപ്പെട്ടു.” ബുഹാരി, ക്രിസ്ത്യൻ ഡെയ്ലി ഇന്റർനാഷണൽ-മോണിംഗ് സ്റ്റാർ ന്യൂസിനോട് വെളിപ്പെടുത്തി.
തടവിലിരിക്കെയാണ് സിൽവിയയ്ക്ക് നാല് വയസ്സ് തികഞ്ഞത്. നവംബർ രണ്ടിന് മോചിതയാകുന്നത് വരെ അവളും മരിച്ചിട്ടുണ്ടാകുമെന്നാണ് ഗ്രാമവാസികൾ കരുതിയിരുന്നത്.
“ഏഴ് മാസത്തോളം, ഒരു കുട്ടിയും ഒരിക്കലും കാണാൻ പാടില്ലാത്ത കാര്യങ്ങളാണ് ആ കുഞ്ഞ് കണ്ടത്. ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിശപ്പും, രോഗവും, ഭയവും, ഏകാന്തതയും അവൾ സഹിച്ചു. ഏപ്രിൽ 20-ന് അവോൺ ഗ്രാമത്തിലെ വീട്ടിൽ നിന്ന് മറ്റുള്ളവർക്കൊപ്പം 13 വയസ്സുകാരി ഹസാന ബുലസിനെയും തട്ടിക്കൊണ്ടുപോയി. നീണ്ട ഏഴ് മാസത്തോളം, 13 വയസ്സുള്ള ഒരു പെൺകുട്ടി ഒരിക്കലും കാണാനോ അനുഭവിക്കാനോ പാടില്ലാത്ത വേദനകളും ഭീകരതകളും സഹിച്ച് അവൾ കാട്ടിൽ തടവിലാക്കപ്പെട്ടു,” ബുഹാരി പറഞ്ഞു.
നവംബർ രണ്ടിന് മോചിതയായ ഉടൻ ഹസാനയെ കാച്ചിയയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എന്നാൽ, നവംബർ മൂന്നിന് ആ പെൺകുട്ടി മരിച്ചു. മോചിതരായ അഞ്ച് ക്രൈസ്തവരിൽ ഉൾപ്പെട്ടതായിരുന്നു ഹസാനയും. മോചിപ്പിക്കപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി 20 ലക്ഷം നായ്റയും (1,482 ഡോളർ) മൂന്ന് മോട്ടോർ സൈക്കിളുകളും മോചനദ്രവ്യമായി നൽകിയ ശേഷമാണ് അക്രമികൾ അഞ്ച് പേരെ വിട്ടയയ്ക്കാൻ തയ്യാറായതെന്ന് പ്രദേശവാസിയായ ജെത്രോ ഡാനിയേൽ പറഞ്ഞു.




