
ജീവിതകാലം മുഴുവൻ ഓർമ്മിച്ചുവയ്ക്കാൻ ചിലപ്പോൾ വെറും നിമിഷങ്ങൾ മാത്രം മതിയാകും. അത്തരമൊരു അപൂർവ നിമിഷത്തിനാണ് അർജന്റീനയിലെ കോർദോവ നഗരം സാക്ഷ്യം വഹിച്ചത്. 95-ാം വയസ്സിലും തളരാത്ത ആവേശവുമായി ലെയോ പതിനാലാമൻ മാർപാപ്പയെ ഒരു നോക്ക് കാണാൻ രാവിലെ മുതൽ കാത്തുനിന്ന ബിയാട്രിസ് എന്ന വയോധികയുടെ വികാരനിർഭരമായ പ്രതികരണം ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.
നവംബർ പത്തിന് ചൊവ്വാഴ്ചയാണ് കോർദോവ നഗരത്തിലൂടെ മാർപാപ്പ പോപ്പ് മൊബീലിൽ സഞ്ചരിച്ചത്. നഗരമധ്യത്തിലൂടെ മാർപാപ്പ കടന്നുപോകുന്നത് കാണാൻ രാവിലെ മുതൽ ബിയാട്രിസ് ആൾക്കൂട്ടത്തിനിടയിൽ കാത്തുനിന്നിരുന്നു. മാർപാപ്പ അടുത്തെത്തിയപ്പോൾ അവരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. “ഓ എന്റെ ദൈവമേ! എത്ര മനോഹരം!” എന്ന് വിളിച്ചുപറഞ്ഞ ബിയാട്രിസിന് തന്റെ സന്തോഷവും വികാരവും നിയന്ത്രിക്കാനായില്ല. പോപ്പ് മൊബീൽ കടന്നുപോയതിന് പിന്നാലെ കൂടെയുണ്ടായിരുന്നയാളുടെ തോളിൽ ചാരി പൊട്ടിക്കരഞ്ഞ ബിയാട്രിസിന്റെ വീഡിയോ കോർദോവ മുനിസിപ്പാലിറ്റിയാണ് പങ്കുവച്ചത്.
അർജന്റീനിയൻ മിലിട്ടറി എയർക്രാഫ്റ്റ് ഫാക്ടറി മൈതാനത്ത് നടന്ന ദിവ്യബലിക്ക് മുന്നോടിയായാണ് മാർപാപ്പ നഗരവീഥികളിലൂടെ സഞ്ചരിച്ചത്. പതാകകളും ബാനറുകളുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പാപ്പയെ വരവേൽക്കാൻ തടിച്ചുകൂടിയത്. എങ്കിലും 95-കാരിയായ ബിയാട്രിസിന്റെ സ്നേഹവും കണ്ണീരുമാണ് ഈ സന്ദർശനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കാഴ്ചയായി മാറിയത്.




