ലെയോ പാപ്പയുടെ സാമീപ്യം അറിയിക്കാൻ വത്തിക്കാൻ പ്രതിനിധി വിശുദ്ധ നാട്ടിലേക്ക്

മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ ക്ലാവുദിയോ ഗുജെറോത്തി നവംബർ 16 മുതൽ 21 വരെ ഇസ്രായേലും പലസ്തീനും സന്ദർശിക്കും. വിശുദ്ധ നാട്ടിൽ സായുധപോരാട്ടം തുടരുന്ന സാഹചര്യത്തിലാണ്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ ക്ലാവുദിയോ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയായി അജപാലന സന്ദർശനം നടത്തുന്നത്.

യുദ്ധക്കെടുതികളും കുറഞ്ഞുവരുന്ന ക്രൈസ്തവ ജനസംഖ്യയും മൂലം പ്രയാസമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളെ സന്ദർശിച്ച്, അവർക്ക് പരിശുദ്ധ പിതാവിന്റെ സാമീപ്യവും കരുതലും എത്തിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ ഡിക്കാസ്റ്ററി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പത്രക്കുറിപ്പ് പ്രകാരം, ഇസ്രായേലിലെ ആകെ ജനസംഖ്യയുടെ 1.9% വരുന്ന ഏകദേശം 1,85,000 പൗരന്മാർ മാത്രമാണ് അവിടത്തെ ക്രൈസ്തവസമൂഹത്തിലുള്ളത്; ഇവരിൽ ഭൂരിഭാഗവും ഗ്രീക്ക് മെൽക്കൈറ്റ് സഭയിൽപെട്ട കത്തോലിക്കരാണ്.

ഗാസയിൽ തുടരുന്ന യുദ്ധം ഈ പ്രദേശങ്ങളിൽ നിന്ന്, പ്രത്യേകിച്ച് പലസ്തീനിൽ നിന്നുള്ള ക്രൈസ്തവരുടെ കുടിയേറ്റത്തിനു കാരണമായിട്ടുണ്ട്. അതേസമയം, വെസ്റ്റ് ബാങ്കിലെ 35 ലക്ഷം ജനങ്ങളിൽ 35,000 പേർ മാത്രമാണ് കത്തോലിക്കരെന്നും ഗാസ മുനമ്പിൽ ആകെ 500 ക്രൈസ്തവർ മാത്രമാണ് അവശേഷിക്കുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സന്ദർശനവേളയിൽ കർദിനാൾ ഇസ്രായേലിലെയും പലസ്തീനിലെയും കത്തോലിക്കാ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ജറുസലേം, ബെത്‌ലഹേം, ഗലീലി എന്നിവയുൾപ്പെടെ വിശുദ്ധ നാട്ടിലെ പ്രധാന ക്രൈസ്തവകേന്ദ്രങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനെയും, അർമേനിയൻ പാത്രിയർക്കീസ് നൂർഹാൻ മനുഗിയനെയും കർദിനാൾ സന്ദർശിക്കും. വിശുദ്ധ നാട്ടിലെ സഹോദരീസഹോദരന്മാർക്കായുള്ള പരിശുദ്ധ പിതാവിന്റെ ഐക്യദാർഢ്യവും ആഗോളസഭയുടെ ഉറച്ച പിന്തുണയുമാണ് ഈ അജപാലന-എക്യുമെനിക്കൽ സന്ദർശനങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.