നൈജീരിയയിൽ കത്തോലിക്കാ വൈദികനു നേരെ ക്രൂരമായ ആക്രമണം; അബോധാവസ്ഥയിലായപ്പോൾ വഴിയരികിൽ ഉപേക്ഷിച്ചു

നൈജീരിയയിൽ ക്രൈസ്തവ നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടർക്കഥ ആവുകയാണ്. കഴിഞ്ഞയാഴ്ച ഒരു കത്തോലിക്കാ വൈദികന് നേരെ ക്രൂരമായ ആക്രമണമുണ്ടായതായും, ഒക്ടോബറിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റൊരു വൈദികൻ ദിവസങ്ങൾക്ക് ശേഷം മോചിതനായതായും വൃത്തങ്ങൾ അറിയിച്ചു.

മധ്യ നൈജീരിയയിലെ ബെന്യൂ (Benue) സംസ്ഥാനത്തെ സാക്കി ബിയാം (Zaki Biam) മേഖലയിൽ നവംബർ ആറ് വെള്ളിയാഴ്ചയാണ് ഗ്ബോക്കോ (Gboko) കത്തോലിക്കാ രൂപതാംഗമായ ഫാ. പീറ്റർ ക്വെൻ ആക്രമിക്കപ്പെട്ടത്. മകുർദി-സാക്കി ബിയാം റോഡിൽ വച്ച് ഫുലാനി തീവ്രവാദികളെന്ന് സംശയിക്കുന്ന സായുധസംഘമാണ് വൈദികനെ പതിയിരുന്ന് ആക്രമിച്ചതെന്ന് പ്രദേശവാസിയായ ടൈറ്റസ് കാസെ വെളിപ്പെടുത്തി.

“മകുർദി പട്ടണത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഫാ. പീറ്റർ ക്വെനിനെ അർധരാത്രിയോടെ സായുധരായ അക്രമിസംഘം സാക്കി ബിയാമിൽ വച്ച് ആക്രമിക്കുകയായിരുന്നു. എന്നാൽ, പരിക്കേറ്റ് അബോധാവസ്ഥയിലായ അദ്ദേഹത്തെ അക്രമികൾ വഴിയരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വേദനാജനകവും നടുക്കുന്നതുമായ ഈ അനുഭവത്തിനിടയിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചതിന് സർവശക്തനായ ദൈവത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഫാ. ക്വെൻ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായും അദ്ദേഹത്തിന് ദൈവിക സംരക്ഷണം ഉണ്ടാകുന്നതിനായും ഞങ്ങൾ പ്രാർഥിക്കുന്നു,” ടൈറ്റസ് കാസെ, ക്രിസ്ത്യൻ ഡെയ്‌ലി ഇന്റർനാഷണൽ-മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

ബെന്യൂ സംസ്ഥാനത്തെ തന്നെ ഒട്ടുക്പോ (Otukpo) കത്തോലിക്കാ രൂപതാംഗമായ ഫാ. ജോൺ ഇനാലെഗ്വു ഒട്ടാച്ചെയെ ഒക്ടോബർ 13-ന് ഒട്ടോബി അമേജോ-അജെഗ്ബെ റോഡിൽ വച്ച് തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ആയിരുന്നു ഈ ആക്രമണം; ഇദ്ദേഹത്തെ ഒക്ടോബർ 18-ന് മോചിപ്പിച്ചിരുന്നു. ദൈവജനത്തിന്റെ പ്രാർഥനയുടെയും ദൈവിക ഇടപെടലിന്റെയും ഫലമായാണ് വൈദികൻ മോചിതനായതെന്ന് ഒട്ടുക്പോ രൂപതാ ചാൻസലർ ഫാ. ജോസഫ് ഇറ്റോഡോ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഏഴ് വർഷമായി നൈജീരിയയിൽ സാധാരണക്കാരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. ഒപ്പം കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് വൈദികരെയും പലപ്പോഴും ലക്ഷ്യമിടുന്നുണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം (IIRF), ഒബ്സർവേറ്ററി ഓഫ് റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക (ORFA) എന്നിവരുടെ റിപ്പോർട്ട് പ്രകാരം, 2019 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ നൈജീരിയയിൽ സാധാരണക്കാരായ 34,773 പേരെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലുകൾ ഉൾപ്പെട്ട 4,590 ആക്രമണങ്ങളാണ് ഈ കാലയളവിലുണ്ടായത്; അതായത്, പ്രതിദിനം ശരാശരി രണ്ട് തട്ടിക്കൊണ്ടുപോകലുകൾ.

തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ 73% പേരും കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ലെ അവസാന മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2025-ലെ അവസാന പാദത്തിൽ തട്ടിക്കൊണ്ടുപോകലുകളിൽ 153 ശതമാനത്തിന്റെ വർധനവുണ്ടായി (1,352-ൽ നിന്ന് 3,427 ആയി ഉയർന്നു). കഴിഞ്ഞ ഏഴ് വർഷത്തെ നിരീക്ഷണങ്ങളിൽ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഏറ്റവും കൂടുതൽ നടന്നത് 2025-ന്റെ നാലാം പാദത്തിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആറ് വർഷത്തിനിടെ കൊല്ലപ്പെട്ട 42,033 സാധാരണക്കാരിൽ 22,835 പേർ ക്രൈസ്തവരും 10,519 പേർ മുസ്ലീങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.