
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന ബിൽ കൊണ്ടുവരാൻ ഒരുങ്ങി ന്യൂസിലൻഡ് സർക്കാർ. ടിക്ടോക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായം 16 കഴിഞ്ഞതാണെന്ന് ഉറപ്പാക്കണമെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
നിയമം പാലിക്കുന്നതിൽ പരാജയപ്പെടുന്ന സമൂഹമാധ്യമ കമ്പനികൾക്ക് അവയുടെ ആഗോള വരുമാനത്തിന്റെ 10% വരെ പിഴ ചുമത്തിയേക്കാം. കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും ആസക്തി ഉണ്ടാക്കുന്ന സാങ്കേതികവിദ്യകളിൽ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഭരണസഖ്യത്തിലെ പ്രധാന കക്ഷികളായ ആക്ട് (Act), ന്യൂസിലൻഡ് ഫസ്റ്റ് (NZF) എന്നീ പാർട്ടികൾ രംഗത്തെത്തി. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിലും സമാനമായ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. യുകെ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും അടുത്ത വർഷം ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്.




