യുദ്ധക്കെടുതി അനുഭവിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം: ആഫ്രിക്കൻ സഭാ നേതാക്കൾ

ആഭ്യന്തരയുദ്ധങ്ങളും സായുധ സംഘർഷങ്ങളും രൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ വെറും സുരക്ഷാ ഭീഷണിയായോ അക്രമികളായോ കാണരുതെന്നും, മറിച്ച് അവരെ വഞ്ചിക്കപ്പെട്ട ഇരകളായി കണ്ട് അടിയന്തര സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും ആഫ്രിക്കൻ സഭാ നേതാക്കൾ ആവശ്യപ്പെട്ടു. സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൊമാലിയ, നൈജീരിയ തുടങ്ങിയ മേഖലകളിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതോടെ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആഫ്രിക്കൻ സഭാ നേതാക്കളും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും രംഗത്തെത്തിയത്.

ദാരിദ്ര്യം, അഭയാർത്ഥി ക്യാമ്പുകളിലെ ജീവിതം, സ്കൂളുകളുടെ അഭാവം എന്നിവ കാരണം കുട്ടികൾ അക്രമകാരികളുടെ കൈകളിൽ അകപ്പെടുകയും സായുധ ഗ്രൂപ്പുകൾ അവരെ ബാലസൈനികരായും ചാരന്മാരായും പാചകക്കാരായും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. “സൈനിക ഗ്രൂപ്പുകളിൽ അകപ്പെടുന്ന കുട്ടികളെ കുറ്റവാളികളായി കാണുന്നത് ഒഴിവാക്കണം. അവർ ഒന്നാമതായി അവകാശങ്ങൾ ലംഘിക്കപ്പെട്ട കുഞ്ഞുങ്ങളാണ്. അവർക്ക് ആവശ്യമായ സംരക്ഷണവും മാനസിക പിന്തുണയും ഉറപ്പാക്കി സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് വേണ്ടത്,” എന്ന് ഓൾ ആഫ്രിക്ക കോൺഫറൻസ് ഓഫ് ചർച്ചസ് (AACC) പ്രതിനിധി റവ. ഏഞ്ചൽ വിൽസൺ ദോഗ്ബെ പറഞ്ഞു.

പട്ടിണിയും സംഘർഷവും മൂലം കുഞ്ഞുങ്ങളുടെ ബാല്യം കവർന്നെടുക്കപ്പെടുകയാണെന്ന് സൊമാലിയയിലെയും സുഡാനിലെയും സഭാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നൈജീരിയയിലെ സഭാ കൂട്ടായ്മകൾ യുണിസെഫിന്റെ സഹകരണത്തോടെ അക്രമങ്ങൾക്കെതിരെയും കുട്ടികളുടെ പുനരധിവാസത്തിനുമായും പ്രവർത്തിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ഫണ്ടും പിന്തുണയും പര്യാപ്തമല്ലെന്ന് സഭാ നേതാക്കൾ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.