
‘നൈറ്റ്സ് ഓഫ് കൊളംബസ്’ തലവൻ പാട്രിക് ഇ. കെല്ലിയെ വത്തിക്കാന്റെ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയിലെ അംഗമായി ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു. അൽമായരുടെ പ്രവർത്തനങ്ങൾ, കുടുംബങ്ങളുടെ ഇടയപരിപാലനം, യുവജന അപ്പസ്തോലിക ദൗത്യം, മനുഷ്യജീവന്റെ സംരക്ഷണം എന്നിവ ഏകോപിപ്പിക്കുന്ന വത്തിക്കാന്റെ പ്രധാന വിഭാഗമാണ് ഈ ഡിക്കാസ്റ്ററി.
2021 മുതൽ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് ആയി സേവനമനുഷ്ഠിച്ചു വരുന്ന കെല്ലി, വത്തിക്കാൻ സമിതിയുടെ പ്ലീനറി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യും. “അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയിലെ അംഗമായി എന്നെ നിയമിച്ചതിൽ ലെയോ പതിനാലാമൻ പാപ്പായോട് ഞാൻ അതീവ നന്ദിയുള്ളവനാണ്. കത്തോലിക്കാ അൽമായരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും കുടുംബജീവിതത്തെയും ജീവന്റെ സംസ്കാരത്തെയും പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ള ഈ ദൗത്യത്തിൽ പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു,” നിയമന വാർത്തയോട് പ്രതികരിച്ചുകൊണ്ട് പാട്രിക് കെല്ലി പറഞ്ഞു.
ലോകമെമ്പാടുമായി 20 ലക്ഷത്തിലധികം അംഗങ്ങളുള്ള നൈറ്റ്സ് ഓഫ് കൊളംബസ്, കത്തോലിക്കാ സഭയ്ക്കും വത്തിക്കാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നൽകുന്ന സംഘടനയാണ്. അമേരിക്കൻ കത്തോലിക്കാ നേതൃത്വത്തിൽ നിന്നുള്ള വ്യക്തികൾക്ക് വത്തിക്കാൻ ഭരണനിർവഹണ തലങ്ങളിൽ തുടർച്ചയായി ലഭിക്കുന്ന ഉന്നത നിയമനങ്ങളുടെ ഭാഗമായാണ് പാട്രിക് കെല്ലിയുടെയും ഈ പുതിയ ചുമതല.




