വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: നാലാം ദിനം, ഒക്ടോബർ 17

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

നാലാം ദിനം (ഒക്ടോബർ 17): വിശുദ്ധ കുർബാനയോടുള്ള വലിയ സ്നേഹത്താലും ബഹുമാനത്താലും എരിഞ്ഞ വി. ജോൺ പോൾ രണ്ടാമൻ പാപ്പ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു ദിവ്യകാരുണ്യത്തോടു ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന വലിയ സ്നേഹമുണ്ടായിരുന്നു. വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള വലിയ സ്നേഹം വീണ്ടും ആളിക്കത്തിക്കാൻ അദ്ദേഹം ദിവ്യകാരുണ്യ വർഷം പ്രഖ്യാപിച്ചു- 2004 ഒക്ടോബർ മുതൽ 2005 ഒക്ടോബർ വരെ. വിശുദ്ധ കുർബാനയുടെ വർഷം പ്രഖ്യാപിച്ചതായിരുന്നു പാപ്പയുടെ പൊന്തിഫിക്കൽ ശുശ്രൂഷയിലെ അവസാന കാലത്തെ ഏറ്റവും മഹത്തായ പ്രവർത്തി. “ക്രൈസ്തവ ജീവിതം ജീവിക്കാനുള്ള ശക്തിയും മറ്റുള്ളവർക്കായി ജീവിതം പങ്കുവയ്ക്കാനുള്ള അഭിനിവേശം ലഭിക്കുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാകുന്നു” എന്നും വി. ജോൺ പോൾ രണ്ടാമൻ ഉറച്ചു വിശ്വസിച്ചിരുന്നു.

പ്രാർത്ഥന

എന്റെ നാഥനും രക്ഷകനുമായ ഈശോയെ, ലോകമെമ്പാടുമുള്ള സക്രാരിയിൽ സന്നിഹിതമായിരിക്കുന്ന നിന്നെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു. ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ബഹുമാനവും എന്നിൽ ജ്വലിപ്പിക്കണമേ.  വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ വിശുദ്ധ കുർബാനയിലുള്ള നിന്റെ സജീവ സാന്നിധ്യം ലോകത്തിനു മുമ്പിൽ ഏറ്റുപറയാൻ എനിക്കു ശക്തി തരണമേ. ലോകമെമ്പാടുമുള്ള സക്രാരിയിൽ നീ അനുഭവിക്കുന്ന നിന്ദാവമാനങ്ങൾക്കു എന്നാൽ കഴിയും വിധം പരിഹാരം ചെയ്തു കൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിന്റെ  കൃപയിലും നന്മയിലും ആശ്രയിച്ചു വിശുദ്ധിയിൽ വളരാൻ എന്നെ സഹായിക്കണമേ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ.

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.