Home News സിസ്റ്റർ സ്മെരില്ലി, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്ട്  

സിസ്റ്റർ സ്മെരില്ലി, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്ട്  

സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ തലവന്മാരെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സിസ്റ്റർ അലക്സാന്ദ്ര സ്മെരില്ലിയെ പ്രീഫെക്ട് ആയും, കർദിനാൾ ഫാബിയോ ബാജിയോയെ പ്രോ-പ്രീഫെക്ട് ആയും, മോൺസിഞ്ഞോർ ജോസഫ് ബർലാഷിനെ സെക്രട്ടറിയായും നിയമിച്ചു. ഈ മൂന്ന് നിയമനങ്ങളും 2026 സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് ഡോൺ ബോസ്കോ സന്ന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്റ്റർ സ്മെരില്ലി 2021 മുതൽ ഈ വകുപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇനി മുതൽ അവർ ഈ വകുപ്പിന്റെ പ്രീഫെക്ടായി ചുമതലയേൽക്കും. 2022 മുതൽ പ്രീഫെക്ട് ആയിരുന്ന കർദിനാൾ മൈക്കൽ സെർനിക്ക് പകരക്കാരിയായാണ് സിസ്റ്റർ ചുമതലയേൽക്കുന്നത്.

ഇതുവരെ ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായിരുന്ന കർദിനാൾ ബാജിയോയ്ക്ക് പുതിയ പദവിക്കൊപ്പം ‘ലൗദാത്തോ സി’ (Laudato si’) ഹയർ എഡ്യൂക്കേഷൻ സെന്ററിന്റെ പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. പ്രപഞ്ചസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ വത്തിക്കാനുള്ള താൽപര്യമാണ് ഈ നിയമനത്തിലൂടെ വ്യക്തമാകുന്നത്.

ഇതുവരെ വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായിരുന്ന മോൺസിഞ്ഞോർ ജോസഫ് ബർലാഷാണ് പുതിയ സെക്രട്ടറി. ലോകമെമ്പാടുമുള്ള നീതി, സമാധാനം, കുടിയേറ്റം, ആരോഗ്യം, ജീവകാരുണ്യം, പരിസ്ഥിതി സംരക്ഷണം, മാനവിക അന്തസ്സ് ഉയർത്തിപ്പിടിക്കൽ തുടങ്ങിയ മേഖലകളിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വത്തിക്കാൻ വകുപ്പാണ് സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി. പുതിയ നിയമനങ്ങളോടെ ഈ വകുപ്പിന് ശക്തമായ ഒരു നേതൃനിരയാണ് കൈവന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.