
യമനിൽ തുടരുന്ന സംഘർഷങ്ങൾ കുട്ടികളുടെ ആരോഗ്യത്തെയും ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് (UNICEF). രാജ്യത്ത് അടിയന്തര പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് യുണിസെഫ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ യമനിൽ വീടുകൾ വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഏകദേശം 1.3 ലക്ഷത്തോളം ആളുകളിൽ 71,000 കുട്ടികളും ഉൾപ്പെടുന്നുണ്ട്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ തെയ്‌സിൽ നിന്നാണ് ഇവരിൽ ഭൂരിഭാഗവും മാറ്റിപ്പാർപ്പിക്കപ്പെട്ടത്. സുരക്ഷിതമായി പ്രവേശിക്കാൻ കഴിയുന്ന മേഖലകളിൽ യുണിസെഫ് നടത്തിയ പരിശോധനയിൽ, കുട്ടികളിൽ നാലിലൊരാൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തി. ഇതിൽ 200-ഓളം കുട്ടികൾ ഏറ്റവും ഭീകരമായ അവസ്ഥയിലാണുള്ളത്.
ഈ വർഷം അഞ്ച് വയസ്സിന് താഴെയുള്ള 2.2 ദശലക്ഷം കുട്ടികൾ യമനിൽ അടിയന്തര പോഷകാഹാരക്കുറവ് നേരിടുമെന്നും, അരലക്ഷത്തിലധികം കുട്ടികൾ കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് വീഴുമെന്നുമാണ് കണക്കാക്കുന്നത്.



