മതബോധനത്തിനു നിയന്ത്രണം: പ്രതിഷേധം ശക്തമാക്കി ശ്രീലങ്കൻ വൈദികൻ

ശ്രീലങ്കയിൽ മതാധിഷ്ഠിത വിദ്യാഭ്യാസത്തിന്മേൽ വർധിച്ചുവരുന്ന നിയന്ത്രണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കൊളംബോ അതിരൂപതയിലെ കത്തോലിക്കാ പ്രൈവറ്റ് സ്കൂളുകളുടെ ജനറൽ മാനേജരായ ഫാദർ രഞ്ജിത്ത് മധുരവാല. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന അനേകം കുട്ടികൾക്ക് കത്തോലിക്കാ മതബോധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള അവസരങ്ങൾ പരിമിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“1960-ലും 1961-ലും നടപ്പിലാക്കിയ നിയമങ്ങൾ അനുസരിച്ച് മുമ്പ് കത്തോലിക്കാ സഭയുടെ നടത്തിപ്പിലുണ്ടായിരുന്ന 690 സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുകയുണ്ടായി. വെറും 28 സ്കൂളുകൾ മാത്രമാണ് സഭയുടെ നടത്തിപ്പിൽ ബാക്കിയായത്. ഇത് വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമായി എന്നും ഫാദർ രഞ്ജിത്ത് മധുരവാല പറയുന്നു.

സർക്കാരിന്റെ കീഴിൽ എത്തിയതോടെ നല്ല നിലവാരത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളുകളുടെ നിലവാരം തകരുകയും ചിലത് പൂട്ടിപ്പോകുകയും ചെയ്തു. കൂടാതെ യോഗ്യരായ അധ്യാപകരുടെ കുറവും അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങളും ഇത്തരം സ്കൂളുകളിൽ നിന്ന് അധ്യാപകർ മാറിപ്പോകുന്നതിനു കാരണമായി. കൂടാതെ നിലവാര തകർച്ച നേരിട്ടതോടെ കത്തോലിക്കാ വിദ്യാർഥികൾ മറ്റു മതസ്ഥർ നടത്തുന്ന വിദ്യാലയങ്ങളിലേയ്ക്ക് മാറുകയും ചെയ്തു.

സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന മതപരമായ അന്തരീക്ഷം സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ, സഭയ്ക്ക് ഉറപ്പുനൽകിയിരുന്നുവെങ്കിലും, ഇന്ന് ചില സ്കൂളുകളിൽ കത്തോലിക്കാ കുട്ടികൾ മതബോധന പഠനത്തിന് ഏറെ പ്രതിസന്ധികൾ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.