തങ്ങളുടെ സമർപ്പണജീവിതത്തെക്കുറിച്ച് പങ്കുവെച്ച് സന്യാസിനിമാർ

മാമ്മോദീസായിലൂടെ ലഭിച്ച ക്രിസ്തീയ ദൈവവിളി പ്രത്യേകരീതിയിൽ ജീവിക്കുന്നതാണ് സമർപ്പിതജീവിതം. സഭയിൽ നൂറുകണക്കിന് സ്ഥാപനങ്ങളും കോൺഗ്രിഗേഷനുകളും ഓർഡറുകളും സമർപ്പണ ജീവിതത്തിനായി ഉണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. ദൈവഹിത്തിനു പൂർണ്ണമായി അർപ്പിച്ച് ഒരോസാഹചര്യങ്ങളിലും തങ്ങളുടെ കാരിസം അനുസരിച്ച് ജീവിതം കൊണ്ടു സുവിശേഷം പ്രസംഗിക്കുക എന്നതാണത്.

പല ആളുകളും സന്യാസത്തെ വലിയ പ്രയാസമേറിയ ഒന്നായി ആണ് കണക്കാക്കുന്നത്. ദൈവത്തെ പ്രതി വളരെയേറെ സഹനങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരാണ് സന്യസ്തർ എന്നാണ് പുറമെ ഉള്ള ആളുകൾ വിചാരിക്കുന്നത്. എന്നാൽ ദൈവത്തെ പ്രതി സ്വന്തമെന്നു തോന്നുന്ന സകലതും ഉപേക്ഷിക്കുമ്പോൾ കിട്ടുന്ന സ്വർഗ്ഗീയമായ ആനന്ദം അത് മറ്റെന്തിനേക്കാളും സമർപ്പിതർക്കു വലുതാണെന്ന് പലരും തിരിച്ചറിയുന്നില്ല. തങ്ങൾ അനുഭവിക്കുന്ന സ്വർഗീയ ആനന്ദത്തെ കുറിച്ചും സന്യാസ ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ചും പങ്കുവയ്ക്കുകയാണ് രണ്ടു സന്യാസിനിമാർ.

1. സി. റോസ മരിയ ലൂണ

സി. റോസ എക്യൂമെനിക്കൽ മിഷനറി സിസ്റ്റേഴ്സ് ഒബ്ലേറ്റ്സ് ഓഫ് ദ ചർച്ച് കോൺഗ്രഗേഷനിൽപ്പെട്ടയാളാണ്. സിസ്റ്റർ റോസയെ സംബന്ധിച്ചിടത്തോളം, ബ്രഹ്മചാരിയും ദരിദ്രനും അനുസരണയുള്ളവനുമായ യേശുവിന്റെ മാതൃകയിലുള്ള ഒരു ജീവിതരീതിയാണ് സമർപ്പിത ജീവിതം. ഓരോ സമർപ്പിത സമൂഹസ്ഥാപകർക്കും പരിശുദ്ധാത്മാവു നല്കിയ പ്രത്യേക കാരിസം (സിദ്ധി) അനുസരിച്ച്
സാഹോദര്യത്തിൽ അതിഷ്ഠിതമായ സമൂഹജീവിതം നയിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജീവിതത്തോട് ഓരോ നിമിഷവും അനുരൂപപ്പെടാനുള്ള പ്രത്യേകമായ ഒരു വിളിയാണിത്.

പ്രായോഗിക ജീവിതത്തിലൂടെ സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സാന്നിധ്യത്തിന് ഈ ലോകത്തിൽ സാക്ഷ്യം വഹിക്കുകയാണ് സമർപ്പിതജീവിതം എന്ന് സി. റോസ പറയുന്നു. ഓരോ സഭയ്ക്കും ഓരോ പ്രത്യേക കാരിസം ഉണ്ട്. അതിലൂടെ ഈശോയുടെ ഏതെങ്കിലും ഒരു പ്രത്യേകതയാണ് അവർ ലോകത്തിനു വെളിപ്പെടുത്താൻ ശ്രമിക്കുന്നത്. വിഭജനങ്ങൾ കണ്ട ജീവിതത്തിൽ അത് അനുഭവിച്ച, തന്റെ പേരിൽ ലോകത്തിൽ വിഭജനങ്ങളുണ്ടാകും എന്ന അറിഞ്ഞ ഈശോ പിതാവിനോട് അവസാന സമയം ‘എല്ലാവരെയും തന്നിൽ ഒന്നാക്കണെ’ എന്ന് പ്രാർഥിച്ചു. അതാണ് ഞങ്ങളുടെ അനുദിനപ്രാർഥന അതിനുവേണ്ടിയാണ് ഞങ്ങളുടെ സന്ന്യാസ സമർപ്പണം: “പിതാവേ എല്ലാവരും അങ്ങിൽ ഒന്നാകണേ.”

തന്റെ ദൈവവിളിയിലുള്ള സന്തോഷം പ്രകടമാക്കാൻ അവർക്കുമടിയില്ല: “അർഹതയില്ലാതെ എന്നെ വിളിച്ച എൻ്റെ കർത്താവായ ദൈവം അവിശ്വസനീയമാംവിധം വിശ്വസ്തനാണ്. ഓരോ നിർണായക നിമിഷങ്ങളിലും അവൻ എൻ്റെ ആവശ്യങ്ങൾ നിറവേറ്റുകയും എന്നിൽ ആനന്ദവും സംതൃപ്തിയും നിറയ്ക്കുകയും ചെയ്യുന്നു. പഠനത്തിൻ്റെയും വീഴ്ചകളുടെയും ഇടർച്ചകളുടെയും ഒരു യാത്രയാണിത്. എന്നാൽ അത്ഭുതകരമായ കാര്യം, കർത്താവിന്റ അചഞ്ചലമായ വിശ്വസ്തതയാണ് പൂർണ്ണഹൃദയത്തോടെയും മുഴുവൻ ശക്തിയോടെയും അവനെ പിന്തുടരാനുള്ള എന്റെ ആഗ്രഹത്തെ പ്രചോദിപ്പിക്കുന്നത്.

2. സി. ലൂർദ് ഗോൺസാലസ്

ഡിസൈപ്ലിൾസ് ഓഫ് മേരി ഇൻ ദ ഹോളി സ്പിരിറ്റ് സമൂഹാംഗമാണ് സി. ലൂർദ്. ദൈവത്തിന് പൂർണ്ണമായും നൽകപ്പെട്ട ഒരു ജീവിതമാണത് എന്നാണ് അവർ സമർപ്പിത ജീവിതത്തെ നിർവചിക്കുന്നത്. അത് അവനു വേണ്ടി മാത്രമുള്ളതാണ്. നമ്മുടെ മാമ്മോദീസയുടെ പൂർണ്ണതയിൽ ജീവിക്കുക എന്നാണ് ഇതിനർത്ഥം.

ഈ സഹോദരിമാർ, യേശുവിനോട് ഐക്യപ്പെട്ടുകൊണ്ട്, അവൻ്റെ സ്നേഹം വിശ്വാസികളുടെ ജീവിതത്തിൽ അറിയിക്കുന്നു. “അതിനാൽ നാമെല്ലാവരും അവനിലേക്ക് തിരിയാനും അവനാൽ സ്നേഹിക്കപ്പെടാനും ഇടയാകും. അങ്ങനെ, നാം വിളിക്കപ്പെട്ടിരിക്കുന്ന വിശുദ്ധിയിലേക്ക് നമുക്ക് എത്തിച്ചേരാനാകും. എല്ലാറ്റിനുമുപരിയായി, പാപം നിമിത്തം അവനിൽ നിന്ന് അകലെയുള്ള ഹൃദയങ്ങളിൽ ദൈവസ്നേഹം പകർന്നുനല്കാൻ ഞങ്ങൾ ശ്രമിക്കുന്നു.” അവർ പറയുന്നു.

“ഞാൻ സന്തോഷവതിയാണ്. യേശു വിളിച്ച വിളിയിൽ നാം വിശ്വസ്തരായിരിക്കുമ്പോൾ, നമുക്ക് എപ്പോഴും സന്തോഷമുണ്ടാകും.” സിസ്റ്റർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.