‘ബ്ലൂടൂത്ത്’ എന്ന പേരിന് പിന്നിലെ ചരിത്രം!

നമ്മുടെ ഫോണും ഇയർഫോണും ലാപ്‌ടോപ്പുമെല്ലാം വയർലെസ് ആയി കണക്റ്റ് ചെയ്യാൻ നാം ദിവസേന ഉപയോഗിക്കുന്ന പേരാണ് ‘ബ്ലൂടൂത്ത്’ (Bluetooth). എന്നാൽ ഈ ആധുനിക സാങ്കേതികവിദ്യയുടെ പേരിന് ആയിരത്തിലധികം വർഷം പഴക്കമുള്ള ഒരു ചരിത്രമുണ്ട്! ഡെൻമാർക്ക് രൂപപ്പെടുത്തുകയും രാജ്യത്ത് ക്രിസ്തുമതം വ്യാപിപ്പിക്കുകയും ചെയ്ത ‘ഹാരൽഡ് ബ്ലൂടൂത്ത്’ (Harald Bluetooth) എന്ന വൈക്കിങ് രാജാവിലാണ് ഈ പേര് എത്തിനിൽക്കുന്നത്.

ആറാം നൂറ്റാണ്ടിലെ വൈക്കിങ് രാജാവും ‘ബ്ലൂടൂത്തും’

പത്താം നൂറ്റാണ്ടിൽ ഡെൻമാർക്ക് ഭരിച്ചിരുന്ന ഹരാൾഡ് ഗോംസൺ (Harald Gormsson) എന്ന രാജാവിന്റെ വിളിപ്പേരായിരുന്നു ‘ബ്ലൂടൂത്ത്’ (പഴയ നോർസ് ഭാഷയിൽ ‘ബ്ലാറ്റോൺ'(Blátǫnn)). ‘നീല’ നിറത്തിലുള്ളതോ കേടുവന്നതോ ആയ ഒരു പല്ലിനെ സൂചിപ്പിക്കുന്നതാണ് ഈ പേര് എന്ന് കരുതപ്പെടുന്നു. ഡെൻമാർക്കിനെ ഒന്നിപ്പിക്കുകയും നോർവേയുമായി കൂട്ടിച്ചേർക്കുകയും ചെയ്തതാണ് ഹാരൽഡ് രാജാവിന്റെ ഏറ്റവും വലിയ നേട്ടം.

ഡെൻമാർക്കിലെ ജെല്ലിങ് (Jelling) എന്ന ചെറിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ശിലാരേഖകളിൽ ഈ രാജാവിന്റെ ഭരണകാലത്തെ കഥകളും രാജ്യത്തിന്റെ ചരിത്രവും കൊത്തിവച്ചിട്ടുണ്ട്. ഡെൻമാർക്കിന്റെ ‘ജനന സർട്ടിഫിക്കറ്റ്’ എന്നാണ് ചരിത്രകാരന്മാർ ഈ ശിലാരേഖകളെ വിശേഷിപ്പിക്കുന്നത്. 1994-ൽ യുനെസ്കോയുടെ ലോക പൈതൃക പദവിയും ഈ ചരിത്രപ്രധാനമായ സ്ഥലത്തിന് ലഭിച്ചിട്ടുണ്ട്.

വൈക്കിങ് രാജാവിന്റെ പേര് ബ്ലൂടൂത്തിന് എങ്ങനെ ലഭിച്ചു?

1990-കളുടെ അവസരത്തിൽ തോഷിബ, ഐ.ബി.എം, നോക്കിയ, ഇന്റൽ, എറിക്സൺ തുടങ്ങിയ പ്രമുഖ കമ്പനികളിലെ എൻജിനീയർമാർ വിവിധ ബ്രാൻഡുകളിലുള്ള ഉപകരണങ്ങളെ തമ്മിൽ വയർലെസ് ആയി ബന്ധിപ്പിക്കുന്ന ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പദ്ധതിക്ക് നൽകാനൊരു കോഡ് നെയിം ഇവർക്ക് ആവശ്യമായി വന്നു. ഇന്റൽ എൻജിനീയറായ ജിം കർദാച്ച് (Jim Kardach) വിൽപനയിലുള്ള വൈക്കിങ് ചരിത്ര പുസ്തകത്തിൽ നിന്നാണ് ഡെൻമാർക്കിനെയും നോർവേയെയും ഒന്നിപ്പിച്ച ഈ രാജാവിനെക്കുറിച്ച് അറിയുന്നത്. വിവിധ ഉപകരണങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്ന ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ഹാരൽഡ് രാജാവിന്റെ പേര് നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഐക്കണിക് ലോഗോ

പല്ലുമായി ബന്ധപ്പെട്ട പേരായതിനാൽ ഈ പേര് തുടക്കത്തിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഉപഭോക്താക്കൾക്ക് ഉൽപ്പന്നത്തിന്റെ പ്രവർത്തനം വ്യക്തമാക്കുന്ന മറ്റ് പേരുകൾ വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ പിന്നീട് ഇതൊരു തനതായ പേരായി മാറി ലോകമെമ്പാടും തരംഗം സൃഷ്ടിക്കുകയായിരുന്നു. ബ്ലൂടൂത്തിന്റെ പ്രശസ്തമായ ലോഗോ പോലും വൈക്കിങ് റൂൺ അക്ഷരങ്ങളായ ‘എച്ച്’ (H), ‘ബി’ (B – Harald Bluetooth) എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതാണ്.

2023-ൽ ഈ സാങ്കേതികവിദ്യയുടെ 25-ാം വാർഷിക വേളയിൽ, ജിം കർഡാച്ചും മറ്റ് സ്ഥാപകരും ‘കൊംഗെർനെസ് ജെല്ലിംഗ്’ (Kongernes Jelling) മ്യൂസിയം സന്ദർശിക്കുകയും, ഹരാൾഡ് രാജാവിന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചതിന് സൗഹൃദപൂർവം “മാപ്പ് അപേക്ഷിക്കുകയും” ചെയ്തു. മ്യൂസിയം അധികൃതർ ഈ മാപ്പപേക്ഷ സ്വീകരിക്കുകയും അടുത്ത 1,000 വർഷത്തേക്ക് കൂടി ആ പേര് തുടർന്നു ഉപയോഗിക്കാനുള്ള അനുമതി നൽകുകയും ചെയ്യുകയായിരുന്നു. “തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഹരാൾഡ്. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ദിവസേന തന്റെ പേര് ഉച്ചരിക്കുന്നത് കണ്ട് ഒരുപക്ഷേ അദ്ദേഹം ഏറെ സന്തോഷിക്കുമായിരുന്നു!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.