
“അവന്‍ പുറത്ത് പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്ത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു.” സഹനത്തിലൂടെയും മരണത്തിലൂടെയും മഹത്ത്വത്തിലേക്കു പ്രവേശിക്കാനൊരുങ്ങുന്ന യേശുവിനെ ഇന്നത്തെ വചനത്തിൽ നമ്മൾ കാണുന്നു. ‘മനുഷ്യപുത്രൻ’ എന്നാണ് യേശു സ്വയം വിശേഷിപ്പിക്കുന്നത്. ഈ പദം ദാനിയേലിന്റെ പുസ്തകത്തിലെ ഒരു പ്രവചനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് (ദാനി. 7:13). ദൈവത്തിന്റെ നിശ്ചയവും പദ്ധതിയുമനുസരിച്ചു പ്രവർത്തിക്കുന്ന യേശുവിനെയാണ് യോഹന്നാൻ തന്റെ സുവിശേഷത്തിൽ അവതരിപ്പിക്കുന്നത് (2:4; 7:30; 8:20; 12:23).
ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിലെ സുപ്രധാന നിമിഷങ്ങളാണ് യേശുവിന്റെ മരണവും പുനരുത്ഥാനവും. ദൈവം മനുഷ്യനായി അവതരിക്കുമെന്നും അന്യായമായി വധിക്കപ്പെടുമെന്നും അത് മനുഷ്യപാപങ്ങളുടെ പരിഹാരമായി മാറുമെന്നുമുള്ള ആശയം പലർക്കും മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ, കരുണയുടെ ഈ വലിയ പ്രവൃത്തി ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതും ദൈവത്തിന്റെ സ്നേഹവും കരുണയും തെളിയിക്കുന്നതുമാണ്. നമുക്കും നമ്മുടെ ജീവിതത്തിലെ സഹനത്തിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്തി ജീവിക്കാൻ സാധിക്കുമെന്ന് ഓർമ്മിക്കുക.
ഫാ. ജി. കടൂപ്പാറയിൽ MCBS




