അഭയാർഥി രാഷ്ട്രീയം അപകടകരമായ തലത്തിലേക്കെന്ന് യു.എൻ

പീഡനങ്ങൾ മൂലം പലായനം ചെയ്യുന്ന അഭയാർഥികൾക്ക് അഭയം തേടാനുള്ള അവകാശം പലപ്പോഴും നിഷേധിക്കപ്പെടുന്നുവെന്നും, അഭയാർഥി വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. അഭയാർഥി കൺവെൻഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജനീവയിലെ പാലസ് ഡെ നാഷൻസിൽ നടന്ന ചടങ്ങിലാണ് യു.എൻ പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്.

വിശാലമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ആശങ്കകളുടെ പേരിൽ പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകൾ രാഷ്ട്രീയ ബലിയാടുകളായി മാറ്റപ്പെടുന്നുവെന്നും അഭയാർഥികളെ മനുഷ്യരായി കാണുന്നതിന് പകരം ഭാരമായോ ഭീഷണിയായോ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവെന്നും യു.എൻ അഭയാർഥി വിഭാഗം മേധാവി ബർഹാം സാലിഹ് പറഞ്ഞു.

യു.എൻ.എച്ച്.സി.ആറിന്റെ (UNHCR) കണക്കുപ്രകാരം 2025 അവസാനത്തോടെ ലോകമെമ്പാടുമുള്ള നിർബന്ധിത പലായനം ചെയ്തവരുടെ എണ്ണം 117.8 ദശലക്ഷമാണ്. വെനസ്വേല, ഉക്രൈൻ, സിറിയ, അഫ്ഗാനിസ്ഥാൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ മൂന്നിൽ രണ്ടും. ഇറാനിലെയും ലെബനനിലെയും സംഘർഷങ്ങൾ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം കണക്കുകളിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട അഭയാർഥി കൺവെൻഷൻ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ആ വാഗ്ദാനം പ്രതിസന്ധിയിലാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. അഭയം തേടാനുള്ള അവകാശം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും നിയന്ത്രിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.