സംസ്ഥാനത്ത് മിന്നൽപ്രളയത്തിൽ കനത്ത നാശം; എട്ട് മരണം, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മിന്നൽപ്രളയത്തിലും കനത്ത മഴയിലും കനത്ത നാശം. ഒരു മാസത്തെ മഴ ഒറ്റ ദിവസംകൊണ്ട് പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ദുരന്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. ഏഴ് പേരെ കാണാതായിട്ടുണ്ട്. ഔദ്യോഗികമായി ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചു.

പലയിടങ്ങളിലായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണ് പെട്ടെന്നുള്ള അതിതീവ്ര മഴയ്ക്കു കാരണം. സംസ്ഥാനത്തെ 14 ജില്ലകളിലും മഴ കനത്ത നാശം വിതച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലേക്കുള്ള യാത്രാവിലക്ക് ഉൾപ്പെടെയുള്ള കർശന ജാഗ്രതാ നിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇടുക്കിയിൽ 74 ഇടങ്ങളിൽ മണ്ണിടിച്ചിലും ഒമ്പത് ഉരുൾപൊട്ടലുമുണ്ടായി. കുടയത്തൂർ പഞ്ചായത്തിലെ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് മരണം സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ മൂന്ന് ഉരുൾപൊട്ടലും 12 ഇടങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു.

മൂഴിയാർ ഡാമിന്റെ മൂന്നിൽ രണ്ട് ഷട്ടറുകളും തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളും തുറന്നു. ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര, കല്ലാർ ഡൈവേർഷൻ, പാംബ്ല അണക്കെട്ടുകളും ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളും തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകളും ഉയർത്തി. കണ്ണൂരിൽ പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു.

കണ്ണൂർ ജില്ലയിലെ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്‌മഗിരി വനമേഖലകളിൽ ഉരുൾപൊട്ടലുണ്ടായി. ആറളം ഫാമും വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഇന്ന് രാവിലെവരെ ഗതാഗത നിരോധനം ഏർപ്പെടുത്തി. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ദേശീയപാതയിലും താമരശ്ശേരിച്ചുരത്തിലും ഗതാഗത തടസ്സവും നിയന്ത്രണങ്ങളുമുണ്ടായി. മലബാർ റിവർ ഫെസ്റ്റിവൽ നിർത്തിവെച്ചു.

റാന്നി ടൗൺ വെള്ളത്തിൽ മുങ്ങി പൂർണ്ണമായി ഒറ്റപ്പെട്ടു. പമ്പ, അച്ചൻകോവിൽ, മണിയാർ, കല്ലടയാർ നദികൾ കരകവിഞ്ഞൊഴുകുകയാണ്. വീടുകളിൽ കുടുങ്ങിയവരെ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ആറന്മുളയിൽ സത്രക്കടവ് മുതൽ മാലക്കര വരെ റോഡുകൾ വെള്ളത്തിലാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും വസ്തുവകകളുടെ നാശനഷ്ടവുമാണ് വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.