
ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുക്കുന്നതു സംബന്ധിച്ച 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് വിക്ടോറിയ രാജ്ഞിയുടെ അംഗീകാരം ലഭിച്ചത് ഓഗസ്റ്റ് രണ്ടിനായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലാണ് നിയമം പാസ്സാക്കിയത്. 1857 ലെ സമരം ബ്രിട്ടീഷ് സർക്കാരിനുണ്ടാക്കിയ ഞെട്ടലാണ് ഇന്ത്യയുടെ ഭരണം ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. കമ്പനിയുടെ അസ്വീകാര്യമായ നയങ്ങളാണ് സമരത്തിനു കാരണമായതെന്നാണ് ബ്രിട്ടൻ കണ്ടെത്തിയത്. നവംബർ ഒന്നിന് ഈ നിയമം നടപ്പിൽവന്നതോടെ ബ്രിട്ടീഷ് ഇന്ത്യയുടെ പരമാധികാരിയായി വിക്ടോറിയാ രാജ്ഞി മാറി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോർട്ട് ഓഫ് ഡയറക്ടേഴ്സിനുണ്ടായിരുന്ന അധികാരങ്ങൾ ഈ നിയമം വഴി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയ്ക്കു കൈമാറി.
1870 ഓഗസ്റ്റ് രണ്ടിനാണ് ലണ്ടനിലെ ടവർ സബ്വേ ഗതാഗതത്തിനായി തുറന്നത്. തേംസ് നദിയുടെ അടിയിലൂടെ നിർമിച്ച റെയിൽ തുരങ്കപാതയായിരുന്നു ടവർ സബ്വേ. നദിക്കടിയിലൂടെയുള്ള ലോകത്തിലെ ആദ്യത്തെ റെയിൽപാതയായിരുന്നു അത്. പീറ്റർ ബാർലോ എന്ന എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നിർമാണപ്രവർത്തികൾ നടന്നത്. നദിക്കു മുകളിലൂടെയുള്ള റെയിൽ ക്രോസിംഗ് നദിയിലൂടെയുള്ള സഞ്ചാരത്തിനു തടസമാകുമെന്നതിനാലാണ് ഇത്തരമൊരു മാർഗം തീവണ്ടി ഗതാഗതത്തിനായി ലണ്ടൻ സ്വീകരിച്ചത്.
സദ്ദാം ഹുസൈന്റെ ഭരണത്തിൻകീഴിൽ ഇറാഖ് സൈന്യം കുവൈത്തിനെതിരെ ആക്രമണം ആരംഭിച്ചത് 1990 ഓഗസ്റ്റ് രണ്ടിന് പുലർച്ചെയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ കുവൈത്ത് എന്ന കൊച്ചുരാജ്യത്തെ കീഴ്‌പ്പെടുത്താൻ ഇറാഖ് സൈന്യത്തിനു കഴിഞ്ഞു. കുവൈത്ത് ഭരണാധികാരി ഷേക്ക് ജാബെർ അൽ അഹമ്മദ് സൗദി അറേബ്യയിലേക്കു പലായനം ചെയ്തു. കുവൈത്തും ഇറാഖും തമ്മിൽ ദശകങ്ങൾ നീണ്ട അതിർത്തിതർക്കങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നു. 1988 ൽ ഇറാൻ-ഇറാഖ് യുദ്ധം അവസാനിച്ചെങ്കിലും അത് ഇറാഖിനുമേൽ വലിയ കടബാധ്യതകളുണ്ടാക്കി. അങ്ങനെയാണ് കുവൈറ്റിലെ എണ്ണപ്പാടങ്ങൾ ഇറാഖിന്റെ ലക്ഷ്യമായത്.
സുനീഷ വി എഫ്




