ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി നിലകൊണ്ട് ലിക്റ്റൻസ്റ്റൈനിലെ അലോയിസ് രാജകുമാരൻ

യൂറോപ്യൻ രാജ്യമായ ലിക്റ്റൻസ്റ്റൈനിൽ ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി നിലകൊണ്ട് അലോയിസ് രാജകുമാരൻ. ഗർഭധാരണത്തിന്റെ ആദ്യ 12 ആഴ്ചകൾക്കുള്ളിൽ ഗർഭഛിദ്രം നടത്താൻ സ്ത്രീകളെ അനുവദിക്കുന്ന ബില്ലിനെ തന്റെ പ്രത്യേക ‘വീറ്റോ’ (Veto) അധികാരം ഉപയോഗിച്ച് റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനായുള്ള നിർണായക ബില്ലിന് പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയതിനെ തുടർന്നാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

25 അംഗങ്ങളുള്ള ലിക്റ്റൻസ്റ്റൈൻ പാർലമെന്റിൽ 12-നെതിരെ 13 വോട്ടുകൾക്കാണ് ജനകീയ കൂട്ടായ്മ മുന്നോട്ടുവച്ച ഈ നിർദേശം പാസായത്. നിലവിലെ നിയമപ്രകാരം റേപ്പ് കേസുകളിലോ, അമ്മയുടെ ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളിലോ മാത്രമാണ് രാജ്യത്ത് ഗർഭഛിദ്രത്തിന് അനുമതിയുള്ളത്. മറ്റുള്ള സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പിറക്കാത്ത കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് സാമൂഹികവും ധാർമ്മികവുമായ ബാധ്യതയാണെന്നും, അതിനാൽ ബിൽ തടയുമെന്നുമാണ് അലോയിസ് രാജകുമാരൻ പ്രഖ്യാപിച്ചിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളിൽ പരമ്പരാഗത ഭരണഘടനാപരമായ സവിശേഷ അധികാരങ്ങൾ ഇപ്പോഴും ശക്തമായി ഉപയോഗിക്കുന്ന ചുരുക്കം ചില ഭരണാധികാരികളിൽ ഒരാളാണ് അലോയിസ് രാജകുമാരൻ. റോമൻ കത്തോലിക്കാ സഭയ്ക്ക് വലിയ സ്വാധീനമുള്ള ലിക്റ്റൻസ്റ്റൈനിൽ, മുൻപും ഗർഭഛിദ്ര നിയമങ്ങൾ പരിഷ്കരിക്കാനുള്ള നീക്കങ്ങൾക്ക് രാജകുടുംബം എതിര് നിന്നിട്ടുണ്ട്. രാജകുമാരന്റെ വീറ്റോ നീക്കം രാജ്യത്ത് വീണ്ടും വലിയ രാഷ്ട്രീയ നിയമ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.