
പരിശുദ്ധ സിംഹാസനവും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ ഭാഗമായി, കോഅഡ്ജുറ്റർ (Coadjutor) ബിഷപ്പായി ഫാദർ ഫ്രാൻസെസ്കോ സാവേരിയോ ദുവാൻ യോങ്‌കുൻ അഭിഷിക്തനായി. ജൂൺ 15 ന് മാർപാപ്പ അംഗീകരിച്ച നിയമനത്തെ തുടർന്ന് ബാമെങ് രൂപതയിലാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം നടന്നത്.
മാർപാപ്പ അംഗീകാരം നൽകിയതിനു പിന്നാലെ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ബിഷപ്പിന്റെ സ്ഥാനാരോഹണമാണിത്. മറ്റൊരു രൂപതയായ ചിഫെംഗിലെ പുതിയ ബിഷപ്പായി ഫാ. ജൂസെപ്പേ ചാങ് യാൻഫെംഗിനെയും വത്തിക്കാൻ നിയമിച്ചിരുന്നു.
വത്തിക്കാൻ പ്രസ്സ് ഓഫീസിന്റെ അറിയിപ്പ് പ്രകാരം, 45 കാരനായ മോൺസിഞ്ഞോർ ദുവാൻ യോങ്‌കുന്റെ സ്ഥാനാരോഹണത്തിന് പരിശുദ്ധ പിതാവ് അനുമതി നൽകുകയായിരുന്നു. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്നതിനായി വത്തിക്കാനും ബെയ്ജിംഗും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിച്ചാണ് ഈ നടപടികൾ പൂർത്തിയാക്കിയത്.
1980 ഡിസംബർ ആറിന് ഇന്നർ മംഗോളിയയിലെ ഹാംഗ്ജിൻ ഹൂഖിയിൽ ജനിച്ച ദുവാൻ യോങ്‌കുൻ, 2000 മുതൽ 2007 വരെ ഹെബെയ് തിയോളജിക്കൽ സെമിനാരിയിലാണ് വൈദികപരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് പെക്കിംഗ് സർവകലാശാലയിലും ബെയ്ജിംഗ് ഫോറിൻ സ്റ്റഡീസ് സർവകലാശാലയിലുമായി ഉപരിപഠനം നടത്തി. 2011 ജനുവരി ഒന്നിന് വൈദികനായി അഭിഷിക്തനായ അദ്ദേഹം, പിന്നീട് തായ്‌വാനിലെ ഫു ജെൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിലും പഠനം തുടർന്നു. സ്വന്തം രൂപതയിൽ തിരിച്ചെത്തിയ ശേഷം ട്രെയിനിംഗ് സെന്റർ ഡയറക്ടറായും ബാമെങ് രൂപതയുടെ വികാരി ജനറലായും കത്തീഡ്രൽ വികാരിയായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
2018 ൽ ആദ്യമായി ഒപ്പുവച്ച ഇരുപക്ഷ കരാറിന്റെ തുടർച്ചയായാണ് ഈ പുതിയ നിയമനം. 1951 ൽ മാവോ സെദോങ്ങിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നതു മുതൽ വത്തിക്കാനും ചൈനയും തമ്മിൽ നയതന്ത്രബന്ധമില്ല. അന്നുമുതൽ ചൈനയിലെ കത്തോലിക്കർ, സർക്കാർ നിയന്ത്രണത്തിലുള്ള ‘പേട്രിയോട്ടിക് ചർച്ച്’ എന്നും റോമിനോട് കൂറുള്ള ‘അണ്ടർഗ്രൗണ്ട് ചർച്ച്’ എന്നും രണ്ടായി വിഭജിക്കപ്പെട്ടിരുന്നു.
2018 ൽ ഉണ്ടാക്കിയ കരാർ 2024 വരെ രണ്ടു വർഷത്തിലൊരിക്കൽ പുതുക്കിയിരുന്നു. തുടർന്ന് 2028 വരെ നാല് വർഷത്തേക്കു കൂടി നീട്ടിനൽകാൻ ഇരുവിഭാഗവും തീരുമാനിക്കുകയായിരുന്നു. ഈ കരാർ പ്രകാരം, ബെയ്ജിംഗ് നിർദേശിക്കുന്ന പേരുകളിൽ അന്തിമ തീരുമാനമെടുക്കാനും ആവശ്യമെങ്കിൽ വീറ്റോ (Veto) ചെയ്യാനുമുള്ള അധികാരം മാർപാപ്പയിൽ നിക്ഷിപ്തമാണ്. അതേസമയം, ചൈനീസ് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ബിഷപ്പുമാരെ നിയമിക്കില്ലെന്ന് വത്തിക്കാനും ഉറപ്പ് നൽകുന്നു.
ലഭ്യമായ വിവരങ്ങളനുസരിച്ച്, ഫ്രാൻസിസ് മാർപാപ്പയുടെ ഭരണകാലത്ത് ഒപ്പുവച്ച ഈ താൽക്കാലിക കരാറിനു കീഴിൽ ഇതുവരെ 16 ചൈനീസ് കത്തോലിക്കാ ബിഷപ്പുമാരാണ് സ്ഥാനാരോഹണം ചെയ്തത്.




