
കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഒരു കത്തോലിക്കാ വൈദികനെയും ഫ്രാൻസിസ്കൻ സന്ന്യാസ സഭയിലെ രണ്ട് അംഗങ്ങളെയും തട്ടിക്കൊണ്ടു പോയി. ഇവരുടെ സുരക്ഷിതമായ മോചനത്തിനായി കാമറൂണിലെ എൻകോങ്സാംബ കത്തോലിക്കാ രൂപത പ്രാർഥന അഭ്യർഥിച്ചു.
എൻകോങ്സാംബ രൂപതയിലെ വൈദികനായ ഫാ. ജോൺ ബോസ്കോ ബിഹ്കോങ്, ഫ്രാൻസിസ്കൻ സഭയിലെ മറ്റ് രണ്ട് അംഗങ്ങൾ എന്നിവരെ ജൂൺ 27 ന് രാത്രിയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപതാ വികാരി ജനറൽ ജൂൺ 30 ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രൂപതാ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം, ജൂൺ 26 വെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി ഫാ. ബിഹ്കോങ് വടക്കുപടിഞ്ഞാറൻ കാമറൂണിലെ എൻഡോപിനടുത്തുള്ള മെലിമിലേക്ക് പോയതായിരുന്നു.
കെകെമിലെ എഫ്.എഫ്.ഇ. കോൺവെന്റിന്റെ ഗാർഡിയനായ ബ്രദർ സിൽവെസ്റ്റർ സെവോങ്, സന്ന്യാസവ്രതവാഗ്ദാനത്തിന് ഒരുങ്ങുന്ന ബ്രദർ മേരി റോഡ്രിഗ് സോപ്പ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസത്തെ രാത്രിയിലാണ് മൂവരെയും ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതിനെക്കുറിച്ചോ, അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചോ, അല്ലെങ്കിൽ അവരുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
കാമറൂണിൽ നിലനിൽക്കുന്ന ‘ആംഗ്ലോഫോൺ പ്രതിസന്ധി’ (ഇംഗ്ലീഷ് സംസാരിക്കുന്നവരും ഫ്രഞ്ച് സംസാരിക്കുന്നവരും തമ്മിലുള്ള തർക്കം) മൂലം വർഷങ്ങളായി അശാന്തി നിലനിൽക്കുന്ന ഇടമാണ് ഈ വടക്കുപടിഞ്ഞാറൻ മേഖല. പ്രദേശത്ത് അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വൈദികരും സന്ന്യാസിനികളും ഉൾപ്പെടെയുള്ള സാധാരണക്കാർ ഇത്തരം തട്ടിക്കൊണ്ടുപോകലുകൾക്ക് ഇരയാകുന്നത് പതിവായിരിക്കുകയാണ്.




