
ലെയോ പതിനാലാമൻ പാപ്പയുടെ ഒക്ടോബർ മാസത്തെ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന ആളുകൾക്ക് സ്വീകരണവും മാന്യതയും പ്രത്യാശയും ലഭിക്കുന്ന ഒരു തുറന്ന ഭവനമായി സഭ മാറട്ടെയെന്ന് മാർപാപ്പ പ്രാർഥിക്കുന്നു. മാനസികരോഗ ബാധിതരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സംരക്ഷകയായ വി. ഡിംഫ്നയുടെ മാധ്യസ്ഥ്യം തേടാനും പാപ്പ അഭ്യർഥിച്ചു.
“മാനസികാരോഗ്യ പ്രശ്നങ്ങളോട് പോരാടുന്ന, ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ മറ്റേതെങ്കിലും മാനസിക രോഗങ്ങളാൽ ഏകാന്തതയിൽ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെ ഇന്ന് ഞങ്ങൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. മാനസിക രോഗമുള്ളവരോടുള്ള വിവേചനത്തിനും അധിക്ഷേപങ്ങൾക്കും കാരണമായി ക്രിസ്ത്യാനികൾ മുഖം തിരിച്ചുനിന്ന സന്ദർഭങ്ങൾക്ക് മാപ്പ് അപേക്ഷിക്കുന്നു. സഭ എല്ലാവർക്കും ഇടമുള്ള ഒരു സുരക്ഷിതസ്ഥലമായി മാറണം. ഉപേക്ഷിക്കാതെ ഒപ്പം നിൽക്കുന്ന, വിധിപ്രസ്താവങ്ങളില്ലാതെ കേൾക്കുന്ന, ഭയമില്ലാതെ അരികിലേക്കെത്തുന്ന ഒരു സമൂഹമായി മാറണം,” പാപ്പ പ്രാർഥിച്ചു.
ആരോഗ്യവിദഗ്ധർ, കുടുംബാംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരടക്കം പരിചരണം നൽകുന്നവരെയും മാർപാപ്പ ഓർക്കുകയും അവർക്ക് ശക്തിയും അനുകമ്പയും നൽകാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. “നമ്മുടെ സമൂഹങ്ങളുടെയും മുഴുവൻ സഭയുടെയും ജീവിതത്തിലേക്കും ശുശ്രൂഷയിലേക്കും മാനസികാരോഗ്യ സംരക്ഷണത്തെ ഉൾക്കൊള്ളാൻ ഞങ്ങൾ പഠിക്കേണ്ടതിന് അവിടുത്തെ ആത്മാവിനെ ഞങ്ങളിലേക്ക് അയയ്ക്കണമേ. അങ്ങനെ ഒരിക്കലും ഉപേക്ഷിക്കാത്തതും എപ്പോഴും പുനഃസ്ഥാപിക്കുന്നതുമായ അവിടുത്തെ കരുണയുടെ ജീവനുള്ള അടയാളമായി മാറാൻ ഞങ്ങളെ അനുഗ്രഹിക്കണമേ,” എന്ന് പറഞ്ഞുകൊണ്ട് വീഡിയോ സന്ദേശത്തിൽ പാപ്പ പ്രാർഥന അവസാനിപ്പിക്കുന്നു.
മാർപാപ്പയുടെ നിയോഗത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, ലോകമെമ്പാടുമുള്ള ശതകോടിയിലധികം ആളുകൾ മാനസിക രോഗങ്ങളോടെയാണ് ജീവിക്കുന്നത്. എന്നാൽ, മാനസികാരോഗ്യത്തിനായുള്ള പൊതുബജറ്റ് വിഹിതം ആരോഗ്യബജറ്റിന്റെ കേവലം രണ്ട് ശതമാനം മാത്രമാണ്. മാനസിക രോഗങ്ങൾ അനുഭവിക്കുന്ന പലർക്കും അതിനെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് തെറ്റിധാരണയും കുറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും പോപ്സ് വേൾഡ് വൈഡ് പ്രെയർ നെറ്റ്‌വർക്കിന്റെ ഇന്റർനാഷണൽ ഡയറക്ടർ ഫാ. ക്രിസ്റ്റോബൽ ഫോൺസ് വ്യക്തമാക്കുന്നു.




