
ലോകത്തിലെ എല്ലാ കുട്ടികൾക്കും സമാധാനം ലഭിക്കണമെന്ന പ്രാർഥനയുമായി വത്തിക്കാൻ ഗാർഡൻസിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിൽ ജപമാല പ്രാർഥന നടന്നു. ഒക്ടോബർ ഒന്നിന് നടന്ന ജപമാല പ്രാർഥനയിൽ ഏകദേശം 1,300 പേർ പങ്കെടുത്തു; ഇവരിൽ എഴുനൂറോളം പേർ കുട്ടികളായിരുന്നു. ലെയോ പാപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രാർഥന. ഇറ്റാലിയൻ, സ്പാനിഷ്, ഉറുദു, ജർമൻ, അറബി എന്നീ അഞ്ച് ഭാഷകളിലായാണ് ജപമാലയിലെ അഞ്ച് ദശകങ്ങൾ ചൊല്ലിയത്.
ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തോളം കുട്ടികൾ സമാധാനത്തിനായി ജപമാല ചൊല്ലുന്ന ‘വൺ മില്യൺ ചിൽഡ്രൻ പ്രേയിങ് ദി റോസറി’ എന്ന എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് പദ്ധതിയുടെ ഭാഗമായാണ് വത്തിക്കാനിലെ പ്രാർഥന സംഘടിപ്പിച്ചത്. ഉക്രൈനിലെ കുട്ടികൾക്കും യുദ്ധത്തിന്റെ ഇരകൾക്കും ലെബനൻ, സിറിയ, വിശുദ്ധനാട് എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കും പാക്കിസ്ഥാനിലെയും മറ്റ് രാജ്യങ്ങളിലെയും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കും ദക്ഷിണ സുഡാനിലെ സമാധാനത്തിനും ക്യൂബയിലെയും വെനസ്വേലയിലെയും കുടുംബങ്ങൾക്കുമായി പ്രാർഥനകൾ സമർപ്പിച്ചു.
ഒക്ടോബർ ഒന്നു മുതൽ ഏഴു വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈ പ്രാർഥനയിൽ ഏകദേശം ഒരു ദശലക്ഷം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഷകളിൽ ഉയരുന്ന കോടിക്കണക്കിന് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാർഥനകൾ ഒരൊറ്റ വലിയ ജപമാല പോലെ സമാധാനത്തിനായി സ്വർഗത്തിലേക്ക് ഉയരുകയാണെന്ന് പാപ്പ പറഞ്ഞു. പ്രാർഥനയ്‌ക്കൊപ്പം സ്നേഹവും നല്ല പ്രവൃത്തികളും ഉണ്ടാകണമെന്നും അങ്ങനെയാണ് സമാധാനം വളരുന്നതെന്നും പാപ്പ കുട്ടികളെ ഓർമ്മിപ്പിച്ചു.




