സ്മൃതിപഥങ്ങളിലെ ഗാന്ധി: വിഭജനങ്ങളുടെ കാലത്തെ ധാർമിക വെളിച്ചം

ഡോ. സെമിച്ചൻ ജോസഫ്

“ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്ക് തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌‌ ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും.”

മഹാത്മാഗാന്ധിയുടെ വിയോഗമറിഞ്ഞ് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പങ്കുവച്ച ഈ വൈകാരിക വാക്കുകൾ, മറ്റൊരു ഗാന്ധിജയന്തിയിൽ നമ്മെ അഭിമുഖീകരിക്കുമ്പോൾ കേവലമൊരു ചരിത്രസ്മരണ മാത്രമായി മാറുന്നില്ല, മറിച്ച് അത്യന്തം ഗൗരവമുള്ള ഒരു ഓർമ്മപ്പെടുത്തലായി ഭവിക്കുകയാണ്.

സമകാലിക ഇന്ത്യ

ജനാധിപത്യ പ്രതിസന്ധികളും വെല്ലുവിളികളും ഇന്നത്തെ ഭാരതീയ പശ്ചാത്തലത്തിലേക്ക് കണ്ണോടിക്കുമ്പോൾ, നെഹ്റു അന്ന് ഭയന്ന ഇരുട്ട് മറ്റൊരർഥത്തിൽ സമൂഹത്തെ ഗ്രസിക്കുന്നതായി കാണാം. സ്വാതന്ത്ര്യം, ബഹുസ്വരത, മതേതരത്വം, സമത്വം, വിയോജിക്കാനുള്ള അവകാശം തുടങ്ങി ഗാന്ധിജി നെഞ്ചോട് ചേർത്തുപിടിച്ച ഭരണഘടനാ തത്ത്വങ്ങൾ ഇന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ജനാധിപത്യത്തിന്റെ ജീവവായുവായ വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും അടിച്ചമർത്തുകയും ഭരണകൂട നിലപാടുകളോട് എതിപ്പ് പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്ന അസഹിഷ്ണുത ഇന്ന് വർധിച്ചുവരുന്നു. അസത്യവും വ്യാജവാർത്തകളും ഭിന്നിപ്പിന്റെ വിത്തുകൾ വിതറുന്ന ‘പോസ്റ്റ്-ട്രൂത്ത്’ കാലഘട്ടത്തിൽ, മാധ്യമങ്ങൾ നിഷ്പക്ഷത കൈവെടിയുമ്പോൾ സത്യം മാത്രം പ്രഘോഷിച്ച ഗാന്ധിയൻ നിർഭയത്വം എവിടെയും ദൃശ്യമല്ല. അതോടൊപ്പം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വർഗീയതയും വിദ്വേഷപ്രചാരണങ്ങളും അഴിച്ചുവിട്ട് മതപരമായ ധ്രുവീകരണം ഉണ്ടാക്കുമ്പോൾ, ഗാന്ധിജി തന്റെ ജീവൻ നൽകി സംരക്ഷിച്ച ഇന്ത്യയുടെ ബഹുസ്വരതയും മതസൗഹാർദവും കടുത്ത അക്രമങ്ങൾക്കും ഭീഷണികൾക്കും ഇരയാകുകയാണ്.

കറൻസിയിലെ ഗാന്ധിയും പ്രയോഗത്തിലെ വിസ്മരണയും

സ്ത്രീപുരുഷഭേദമന്യേ എല്ലാ മഹദ് വ്യക്തികൾക്കും സംഭവിക്കാറുള്ള ദുര്യോഗം ഗാന്ധിജിയുടെ കാര്യത്തിലും സംഭവിച്ചു. ഗാന്ധി ഇന്ന് നമ്മുടെ കറൻസികളിലുണ്ട്; വിദേശ VIP അതിഥികൾ വരുമ്പോൾ അവരെ സബർമതി ആശ്രമത്തിലും രാജ്ഘട്ടിലും എത്തിച്ച് ചിത്രങ്ങളെടുക്കുന്നു; ചടങ്ങുകളിൽ അദ്ദേഹത്തെ ഉദ്ധരിക്കുന്നു. എന്നാൽ, അധികാരവും സംവിധാനങ്ങളും കൈയിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആശയങ്ങളായ ബഹുസ്വരതയും അഹിംസയും പിന്തുടരാൻ അധികാരികൾ തയാറാകുന്നില്ല എന്നതാണ് യാഥാർഥ്യം.
നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ സാധാരണക്കാർ തെരുവിലിറങ്ങുമ്പോൾ – അത് കർഷകസമരങ്ങളാകട്ടെ, ഭരണഘടനാ സംരക്ഷണ പ്രക്ഷോഭങ്ങളാകട്ടെ – ജനങ്ങൾ ഇന്നും അഭയം പ്രാപിക്കുന്നത് ഗാന്ധിയൻ സത്യാഗ്രഹ മാർഗങ്ങളിലാണ്. എന്നാൽ, അത്തരം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും അടിച്ചമർത്താനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

സത്യവും അഹിംസയും: ചെറുത്തുനിൽപിന്റെ വഴി

ദിശതെറ്റിയ, അക്ഷരത്തെറ്റുകൾ ശീലമാക്കിയ ഒരു കാലത്ത് സത്യത്തെക്കുറിച്ചും ശരിയെക്കുറിച്ചും നമ്മോട് സംവദിക്കാൻ ഗാന്ധിയെക്കാൾ മികച്ചൊരാളില്ല. “നിങ്ങൾ മനുഷ്യനായതു കൊണ്ടുമാത്രം വലിയവനാകുന്നില്ല, മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സമരമാർഗമായ സത്യാഗ്രഹത്തെക്കുറിച്ച് ഗാന്ധിജി വ്യക്തമാക്കിയത് ഇപ്രകാരമാണ്: “സത്യഗ്രഹം കൊണ്ട് ഞാൻ അർഥമാക്കുന്നത് സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം സത്യഗ്രഹി മറക്കാൻ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവർക്കെതിരെ വിദ്വേഷമോ, പകയോ വച്ചുപുലർത്തരുത്. സത്യഗ്രഹി എപ്പോഴും തിന്മയെ നന്മ കൊണ്ടും കോപത്തെ സ്നേഹം കൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുക.”

ചരിത്രത്തിന്റെ കണ്ണാടിയും ഭാവിയുടെ വെളിച്ചവും

യുവചരിത്രകാരനായ മനു എസ്. പിള്ള നിരീക്ഷിച്ചതുപോലെ, ഗാന്ധിയുടെ നിലനിൽക്കുന്ന വലിയ സംഭാവന നെല്ലും പതിരും തിരിച്ചറിയാൻ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ നമ്മളെ സഹായിക്കുന്നു എന്നതാണ്. പ്രസംഗങ്ങളിൽ ഗാന്ധിയെ നിറയ്ക്കുന്നവരെയും അത് ഗൗരവമായി കണ്ട് പ്രവർത്തിക്കുന്നവരെയും വേർതിരിച്ചറിയാൻ ഈ ഓർമ്മകൾ ഒരു കണ്ണാടിയായി വർത്തിക്കുന്നു.

“ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല” എന്ന ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളും, “ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാധ്യമല്ല; അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക” എന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ മുന്നറിയിപ്പും ഇന്ന് മുൻപെങ്ങുമില്ലാത്തവിധം ചിന്തോദ്ദീപകമാണ്.

“നേരാണ് നമ്മൾക്കുണ്ടായിരുന്നു സൂര്യനെപ്പോലെയൊരപ്പൂപ്പൻ…” എന്ന് കവി പാടുമ്പോഴും, “മറന്നുവോ മനുജരെ മറന്നുവോ മക്കളെ നിങ്ങളിന്നെന്നെ മറന്നുവോ?” എന്ന് വിലപിക്കുന്ന ഗാന്ധിയെക്കുറിച്ച് പണ്ട് ഞാൻ എഴുതിയ വരികൾ ഇന്ന് രാജ്യത്തിന്റെ യാഥാർഥ്യമായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഭാരതത്തിന്റെ ആത്മാവിനെയും വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഗാന്ധി വിസ്മരിക്കപ്പെടേണ്ടവനല്ല, മറിച്ച് അണയാത്ത ധാർമിക പ്രകാശമായി മുന്നിൽ നടക്കേണ്ടവനാണ്. വിഭജന രാഷ്ട്രീയത്തിനെതിരെയും ഭരണകൂട അടിച്ചമർത്തലുകൾക്കെതിരെയും ചെറുത്തുനിൽക്കാൻ ഗാന്ധിയും അദ്ദേഹത്തിന്റെ ആദർശങ്ങളും എന്നും വീര്യത്തോടെ നിലനിൽക്കും.

ഡോ. സെമിച്ചൻ ജോസഫ്
(മുവാറ്റുപുഴ നിർമ്മല കോളേജ് സാമൂഹ്യപ്രവർത്തന വിഭാഗം അസി. പ്രഫസറും സ്‌മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.