ഗാന്ധിജി പകർന്നുതന്ന സ്നേഹഗാഥ

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഉടൻതന്നെ ബോംബെയിൽ കോൺഗ്രസിന്റെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയി. കാക്കാ സാഹിബ് കലേൽക്കർ അവിടെ ​ഗാന്ധിക്ക് സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. ഒരുദിവസം ഗാന്ധിജി ഉത്കണ്ഠയോടെ തന്റെ മേശയ്ക്കുചുറ്റും തിരയുന്നത് കാക്കാ സാഹിബ് ശ്രദ്ധിച്ചു. എന്താണ് തിരയുന്നതെന്ന് കാക്കാ സാഹിബ് ഗാന്ധിയോടു ചോദിച്ചതിന് “എന്റെ പെൻസിൽ നഷ്ടപ്പെട്ടു” എന്ന് ഗാന്ധിജി മറുപടി പറഞ്ഞു.

ഗാന്ധിജി സമയം പാഴാക്കുന്നതും ഒരു ചെറിയ പെൻസിലിനെക്കുറിച്ച് വിഷമിക്കുന്നതും കണ്ട് കാക്കാ സാഹിബ് അസ്വസ്ഥനായി. അദ്ദേഹം തന്റെ പെൻസിലെടുത്ത് അദ്ദേഹത്തിനു നൽകി. പക്ഷെ, “വേണ്ട വേണ്ട, എനിക്ക് എന്റെ സ്വന്തം പെൻസിൽ വേണം” – ശാഠ്യക്കാരനായ ഒരു കുട്ടിയെപ്പോലെ ഗാന്ധിജി നിർബന്ധം പിടിച്ചുകൊണ്ട് വീണ്ടും പെൻസിൽ തിരഞ്ഞു.

“ശരി, തൽക്കാലം അത് ഉപയോഗിക്കൂ” – കാക്കാ സാഹിബ് പറഞ്ഞു. “നിങ്ങളുടെ പെൻസിൽ ഞാൻ പിന്നീട് കണ്ടെത്തും. ഇപ്പോൾ അത് തിരയാൻ സമയം പാഴാക്കരുത്.”

“നിങ്ങൾക്ക് മനസ്സിലാകുന്നില്ല. ആ ചെറിയ പെൻസിൽ എനിക്ക് വളരെ വിലപ്പെട്ടതാണ്” – ഗാന്ധിജി പറഞ്ഞു. “നടേശന്റെ കൊച്ചുമകൻ മദ്രാസിൽവച്ച് എനിക്ക് തന്നതാണ് അത്. അവൻ അത് വളരെ സ്നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് അതെനിക്കു തന്നത്. എനിക്ക് അത് നഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയില്ല.” ഗാന്ധിജിയുടെ ഈ മറുപടിയിൽ കാക്കാ സാഹിബ് പിന്നെ തർക്കിച്ചില്ല. അദ്ദേഹം ഗാന്ധിജിയോടൊപ്പം തിരച്ചിലിൽ പങ്കുചേർന്നു.

ഒടുവിൽ അവർ അത് കണ്ടെത്തി. കഷ്ടിച്ച് രണ്ട് ഇഞ്ച് നീളമുള്ള ഒരു ചെറിയ കഷണം പെൻസിൽ. എന്നാൽ, അത് തിരികെ ലഭിച്ചതിൽ ഗാന്ധിജി വളരെ സന്തോഷവാനായിരുന്നു. കാരണം അദ്ദേഹത്തിന് അതൊരു സാധാരണ പെൻസിലായിരുന്നില്ല. അത് ഒരു കുട്ടിയുടെ സ്നേഹത്തിന്റെ അടയാളമായി അദ്ദേഹം കണ്ടു. ആ കൊച്ചുകുട്ടിയുടെ സ്നേഹം പോലും ഗാന്ധിജിക്ക് വളരെ വിലപ്പെട്ടതായിരുന്നു.

സ്നേഹത്തിന് വലിപ്പച്ചെറുപ്പമില്ലെന്ന് തന്റെ ജീവിതംകൊണ്ടു തെളിയിച്ച വ്യക്തിയാണ് ​ഗാന്ധി. ഒരു കൊച്ചുകുട്ടി സമ്മാനിച്ച വളരെ ചെറിയ ഉപാഹാരത്തിനുപോലും വലിയ വില കൊടുക്കുന്നതിലൂടെ, തന്നെ സ്നേഹിക്കുന്നവരെ തിരികെ അളവറ്റു സ്നേഹിക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നു.

ഗാന്ധിജിയുടെ തത്വചിന്തയിൽ സ്നേഹവും സത്യവും വേർതിരിക്കാനാവാത്തതായിരുന്നു. പരസ്പരബഹുമാനം, കാരുണ്യം, സേവനം, പ്രതിബദ്ധത എന്നിവ ഉൾക്കൊള്ളുന്ന ഒരു ശക്തിയായിരുന്നു ഗാന്ധിജിയുടെ സ്നേഹസങ്കൽപം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അങ്ങനെ എല്ലാ മനുഷ്യരാശിയിലേക്കും വ്യാപിക്കുന്ന ഈ സ്നേഹം സമാധാനത്തിനും സാമൂഹികനീതിക്കും അടിത്തറയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

യഥാർഥത്തിൽ സ്നേഹിക്കണമെങ്കിൽ, എല്ലാ ഇടപെടലുകളിലും സത്യത്തെ പിന്തുടരുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിശ്വസിച്ചു. യഥാർഥ സ്നേഹം സമുദ്രം പോലെയാണെന്നും അതിന് അതിരുകളോ, പരിധികളോ ഉണ്ടാകരുതെന്നും ഗാന്ധിജി വിശ്വസിച്ചു. സ്നേഹമുള്ളിടത്ത് ജീവിതമുണ്ട് എന്നും സമാധാനത്തിലേക്കുള്ള പാത സ്നേഹത്തിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം വിശ്വസിച്ചു.

​ഗാന്ധിജിയുടെ 156ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ, ഗാന്ധിജി പകർന്നുതന്ന സ്നേഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളും നാം ഓർക്കേണ്ടതുണ്ട്. ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് പകർന്നുകൊടുക്കേണ്ട സ്നേഹത്തിന്റെ കാഴ്ചപ്പാടുകൾ ​ഗാന്ധിജിയിൽ നിന്നും നാം പഠിക്കേണ്ടതാണ്. കാര്യസാധ്യത്തിനോ, സ്വന്തം ആവശ്യങ്ങൾക്കോ വേണ്ടി മാത്രമല്ല മറ്റൊരാളെ സ്നേഹിക്കേണ്ടതെന്ന് നാം ഇനിയും തിരിച്ചറിയണം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.