ഓരോ ക്രിസ്ത്യാനിയും ജീവന്റെ സാക്ഷ്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാൻസിസ് പാപ്പാ

രക്തസാക്ഷിത്വത്തിന്റെ പ്രത്യേക കൃപയിലേക്ക് വിളിക്കപ്പെടുന്നില്ലെങ്കിലും ഓരോ ക്രിസ്ത്യാനിയും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ചകളിൽ പതിവുള്ള പൊതുപ്രഭാഷണത്തിലാണ് പാപ്പാ വിശ്വാസികളെ ഈ കാര്യം ഓർമ്മിപ്പിച്ചത്.

ജീവിതത്തിലും മരണത്തിലും വിശ്വാസത്തിന്റെ ക്രിയാത്മക സാക്ഷിയായിരിക്കാനുള്ള ഒരു ക്രിസ്ത്യാനിയുടെ കടപ്പാട് മാർപാപ്പാ ഉയർത്തിക്കാട്ടി. “രക്തസാക്ഷിത്വം ചുരുക്കം ചിലരോട് മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെങ്കിലും മനുഷ്യരുടെ മുമ്പിൽ ക്രിസ്തുവിനെ ഏറ്റുപറയാൻ എല്ലാവരും തയ്യാറാകണം. കുരിശിന്റെ വഴിയിൽ സഭയ്ക്ക് ഒരിക്കലും കുറവുണ്ടാകാത്ത, പീഡനങ്ങൾക്കിടയിലും വിശ്വാസത്തിന്റെ വിളി വെളിപ്പെടുത്താൻ ഓരോ ക്രൈസ്തവനും തയ്യാറാകണം. യേശുവിനെ അനുകരിച്ചുകൊണ്ട്, ദൈവത്തിനും സഹോദരന്മാർക്കും തങ്ങളെത്തന്നെ ദാനം ചെയ്തുകൊണ്ട് രക്തച്ചൊരിച്ചിൽ വരെ പോകാത്തപ്പോഴും ഓരോ ക്രിസ്ത്യാനിയും ജീവന്റെ സാക്ഷിയായി വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് രക്തസാക്ഷികൾ നമുക്ക് കാണിച്ചുതരുന്നു” – പാപ്പാ വ്യക്തമാക്കി.

ക്രിസ്ത്യാനികൾക്കെതിരായ പീഡനം കേവലം പഴയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നാം നമ്മുടെ ശ്രദ്ധ തിരിക്കുന്നത് ഒരൊറ്റ വ്യക്തിത്വത്തിലേക്കല്ല, മറിച്ച് എല്ലാ പ്രായത്തിലും ഭാഷയിലും രാഷ്ട്രത്തിലുമുള്ള രക്തസാക്ഷികളിലേക്കും സ്ത്രീപുരുഷന്മാരിലേക്കും ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിച്ചവരിലേക്കും ക്രിസ്തുവിനെ ഏറ്റുപറയാൻ രക്തം ചൊരിയുന്നവരിലേക്കും ആയിരിക്കും. അപ്പോസ്തലന്മാരുടെ തലമുറക്കു ശേഷം, അവർ സുവിശേഷത്തിന്റെ ‘സാക്ഷികൾ’ ആയിരുന്നു – അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് പാപ്പായുടെ ബുധനാഴ്ചത്തെ പൊതുസദസ്സുകളുടെ ഇപ്പോഴത്തെ വിഷയം “സുവിശേഷീകരണത്തോടുള്ള അഭിനിവേശം” എന്നതാണ്. ഈ വിഷയത്തോട് ചേർന്നുനിന്നു കൊണ്ടാണ് പാപ്പാ രക്തസാക്ഷികളുടെ ജീവിത സന്ദേശത്തെക്കുറിച്ചു പഠിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.