പ്രത്യയശാസ്ത്രങ്ങൾ മറികടന്ന് ഐക്യത്തിന്റെ സാക്ഷികളാവുക: ഫ്രാൻസിസ് പാപ്പാ

ലാറ്റിനമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെയും ചിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ‘ബിൽഡിംഗ് ബ്രിഡ്ജസ്’ (Building Bridges) സംരംഭത്തിലൂടെ ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കത്തോലിക്കാ സർവകലാശാലകളിലെ പന്ത്രണ്ട് വിദ്യാർഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി. മതസ്വാതന്ത്ര്യവും  ജീവിതസാക്ഷ്യവും ഭീഷണിപ്പെടുത്തലുകളും യുവാക്കളുടെ ആത്മഹത്യയും  സോഷ്യൽ നെറ്റ്‌വർക്കുകളും മാധ്യമസാക്ഷരതയുമെല്ലാം  ചർച്ചാവിഷയമാക്കിക്കൊണ്ട് ഏഷ്യയിൽ മികച്ച ഒരു കൂട്ടായ്മയിലധിഷ്ഠിതമായ ഒരു സിനഡൽസഭ രൂപപ്പെടുത്താമെന്ന് പാപ്പാ പറഞ്ഞു.

ഇന്ത്യയിലെ ഡൽഹിയിൽ നിന്നുള്ള ഫ്ലോറിന, നേപ്പാളിൽ നിന്നുള്ള നൈറ, പാക്കിസ്ഥാനിൽ നിന്നുള്ള ഷെറിൽ, ക്രിസ്ത്യാനികൾ ന്യൂനപക്ഷമായ ദക്ഷിണേഷ്യയിലെ മൂന്ന് കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ എന്നിവർ,  വിഭാഗീയവും ചിലപ്പോൾ മതമൗലികവാദികളുമായ സമൂഹങ്ങളുടെ വിവേചനത്തെയും മുൻവിധികളെയും പീഡനങ്ങളെയുംകുറിച്ച് ഫ്രാൻസിസ് പാപ്പായോട് സംസാരിച്ചു. ഒരു നല്ല ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നം, അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമില്ലാത്തതിന്റെ ബുദ്ധിമുട്ടും നിരാശയുംകാരണം മങ്ങിപ്പോകുമോ എന്ന ഭയവും പാപ്പായോട് പങ്കുവച്ചു.

2022 ഫെബ്രുവരിയിൽ അമേരിക്കയ്ക്കും കഴിഞ്ഞവർഷം നവംബറിൽ ആഫ്രിക്കയ്ക്കുംശേഷം 2023 -ലെ പ്രത്യാശയുടെ സിനഡിനു മുൻപായി നടത്തപ്പെട്ട ദക്ഷിണേഷ്യയിലെ യുവജനങ്ങളുമായുള്ള പാപ്പായുടെ ഈ വെർച്വൽ സമ്മേളനം സഭയിൽ യുവജനങ്ങൾക്കുള്ള പ്രാധാന്യം വെളിവാക്കുന്നതാണ്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ക്രൈസ്തവസാക്ഷ്യം തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നുവെന്നും ഈ രാജ്യങ്ങളുടെ രക്തസാക്ഷികളുടെ സ്മരണകൾ തന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടെന്നും പാപ്പാ സ്പാനിഷ് ഭാഷയിൽ എടുത്തുപറഞ്ഞു.

സാമൂഹികമൂല്യങ്ങളെ ആശയങ്ങളാക്കി ചുരുക്കുന്നതിനാൽ വൈരുധ്യങ്ങളും വിവേചനങ്ങളും വർധിക്കുമെന്നും അതിനാൽ ദൈവികപദ്ധതിയോട് സഹകരിച്ചുകൊണ്ട്, വ്യത്യസ്ത കാഴ്ചപ്പാടുകളോടുകൂടിത്തന്നെ കൂട്ടായ്മയുടെ സാക്ഷ്യത്തിൽ ജീവിക്കണമെന്ന് പാപ്പാ അടിവരയിട്ടു ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.