എല്ലാവരേയും ഉൾക്കൊള്ളാൻ നാം സർഗ്ഗാത്മകത പുലർത്തണം: സ്കലബ്രീനിയൻ മിഷനറിമാരോട് പാപ്പാ

സർഗ്ഗാത്മകത പുലർത്താൻ ഒരിക്കലും മടിക്കരുതെന്നും മാനവികതയുടെയും അടുത്തായിരിക്കുന്നതിന്റെയും സന്ദേശം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണമെന്നും സ്കലബ്രീനിയൻ മിഷനറിമാരോടു ആഹ്വാനം ചെയ്തു പാപ്പാ. തങ്ങളുടെ സഭാ സ്ഥാപകനായ ജൊവാന്നി ബത്തീസ്ത സ്കലബ്രീനിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിരുകർമ്മത്തിൽ പങ്കെടുക്കാൻ റോമിലെത്തിയ സ്കലബ്രീനിയൻ മിഷനറിമാരുമായി ഒക്ടോബർ പത്താം തിയതി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നിങ്ങൾ സ്കലബ്രീനി മെത്രാന്റെ പ്രവർത്തന വിശാലതയെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയവിശാലതയ്ക്ക്, ഒരു രൂപത മതിയാവുമായിരുന്നില്ല, എന്നു വേണമെങ്കിൽ പറയാം” -പാപ്പാ ഓർമ്മപ്പെടുത്തി. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ബിഷപ്പ് സ്കലബ്രീനിയുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ച പാപ്പാ ഇറ്റാലിയൻ കുടിയേറ്റക്കാർക്ക് അനുകൂലമായ അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനം വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്നും വെളിപ്പെടുത്തി.

“1800-കളുടെ അവസാനത്തിൽ ആയിരക്കണക്കിന് ഇറ്റലിക്കാർ അമേരിക്കയിലേക്ക് കുടിയേറിയ സാഹചര്യമായിരുന്നു. ബിഷപ്പ് സ്കലബ്രീനി അവരെ വീക്ഷിച്ചത് ക്രിസ്തുവിന്റെ കണ്ണുകളോടെ ആയിരുന്നു. അവർക്ക് ആവശ്യമായ ഭൗതികവും ആത്മീയവുമായ സഹായം നൽകാൻ വലിയ ഉപവിയോടും അജപാലന ബുദ്ധിയോടും കൂടെ അദ്ദേഹം ശ്രദ്ധിച്ചു.” -പാപ്പാ ഓർമ്മപ്പെടുത്തി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.