കൂട്ടായ്മയുടെ ശില്പികളാകൂ: ഏഷ്യയിലെ സഭയോട് മാർപാപ്പ

കൂട്ടായ്മയുടെ ശില്പികളാകൂവെന്ന് ഏഷ്യയിലെ സഭയോട് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ജൂലൈ 20 മുതൽ 26 വരെ ജക്കാർത്തയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ (FABC) 12-ാമത് പ്ലീനറി അസംബ്ലിയിലേക്കുള്ള തന്റെ പ്രത്യേക പ്രതിനിധിയായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് അയച്ച കത്തിലാണ് പാപ്പ ഏഷ്യയിലെ സഭയോട് ഈ ആഹ്വാനം നടത്തിയത്.

“ബാബേൽ ഗോപുരത്തിന്റെ ശില്പികളാകാതെ, കൂട്ടായ്മയുടെ നിർമ്മാതാക്കളാകൂ; തകർന്നടിയാൻ വിധിക്കപ്പെട്ട ഗോപുരങ്ങളുടെ യജമാനന്മാരാകാതെ, വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ സേവകരാകൂ.” പാപ്പ കൂട്ടിച്ചേർത്തു. സഭാ സമൂഹത്തിന്റെ മുഴുവൻ ഈ കൂട്ടായ പങ്കാളിത്തത്തിലൂടെ, സങ്കീർത്തനം 85 ഉദ്ധരിച്ചുകൊണ്ട് പാപ്പ തന്റെ ഔദ്യോഗിക രേഖയിൽ ഇങ്ങനെ കുറിക്കുന്നു: “തള്ളിക്കളയപ്പെട്ട കല്ലുകൾ—പാവപ്പെട്ടവരും രോഗികളും കുടിയേറ്റക്കാരും എളിയവരും—മൂലക്കല്ലായി മാറും. ഭൂമിയിൽ ശക്തവും ഏവരെയും സ്വാഗതം ചെയ്യുന്നതുമായ ഒരു പൊതുഭവനം ഉയർന്നു വരും; അവിടെ സ്നേഹവും സത്യവും ഒടുവിൽ കണ്ടുമുട്ടും, നീതിയും സമാധാനവും പരസ്പരം ചുംബിക്കും.” പാപ്പ കൂട്ടിച്ചേർത്തു.

“ഇനിയുമൊരു ബാബേൽ ഗോപുരം പണിയുന്നത് നിർത്തിവെച്ച്, നന്മ കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. അങ്ങനെ മാനവികതയ്ക്ക് അതിന്റെ ഭംഗി ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ, ലോകം ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന ഇടം വീണ്ടും തിരിച്ചറിയട്ടെ.” ഒരു ഇടയന്റെയും പിതാവിന്റെയും ഹൃദയത്തോടെ മാർപ്പാപ്പ എല്ലാവരോടുമായി ആവശ്യപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.