എച്ച്.ഐ.വി/എയ്‌ഡ്‌സ് (HIV/AIDS) പ്രതിരോധ രംഗത്ത് രാജ്യാന്തരതലത്തിൽ കൈവരിച്ച പുരോഗതിയെ വത്തിക്കാൻ അഭിനന്ദിച്ചു. അതേസമയം കുട്ടികൾക്കും ദുർബല സമൂഹങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ വേണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടു. യുഎൻ ഉന്നതതല യോഗത്തിലാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്.
എയ്‌ഡ്‌സ് പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി ആഗോളതലത്തിൽ പുതിയ പ്രതിജ്ഞാബദ്ധത വേണമെന്ന് വത്തിക്കാൻ ആഹ്വാനം ചെയ്തു. എച്ച്.ഐ.വി പ്രതിരോധത്തിലും ചികിത്സയിലും ഉണ്ടായ പുരോഗതിയെ സ്വാഗതം ചെയ്യുമ്പോഴും, വികസ്വര രാജ്യങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇപ്പോഴും ജീവൻ രക്ഷാ മരുന്നുകളും പരിചരണവും ലഭിക്കുന്നില്ലെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ വെള്ളിയാഴ്ച നടന്ന, എച്ച്.ഐ.വി/എയ്‌ഡ്‌സ് സംബന്ധിച്ച 2026-ലെ യുണൈറ്റഡ് നേഷൻസ് ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വത്തിക്കാന്റെ സ്ഥിരം നിരീക്ഷക സംഘം. 2010-ന് ശേഷം ഭൂരിഭാഗം പ്രദേശങ്ങളിലും പുതിയ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും ആന്റിറെട്രോവൈറൽ ചികിത്സ വ്യാപകമായതോടെ എച്ച്.ഐ.വി ബാധിതർക്ക് കൂടുതൽ ആരോഗ്യത്തോടെയും ദീർഘകാലം ജീവിക്കാനും സാധിക്കുന്നുണ്ടെന്നും വത്തിക്കാൻ നിരീക്ഷിച്ചു.
എല്ലാവർക്കും തടസ്സമില്ലാത്ത ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിന് ആരോഗ്യ സംവിധാനങ്ങൾ, മെഡിക്കൽ ഗവേഷണം, പ്രാദേശികമായ മരുന്ന് ഉത്പാദനം എന്നിവയിലെ നിക്ഷേപം തുടരേണ്ടത് അത്യാവശ്യമാണെന്ന് വത്തിക്കാൻ പ്രതിനിധി സംഘം പറഞ്ഞു.




