സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുക, യേശുവിന്റെ മുഖം കാട്ടിത്തരുക: കലാകാരന്മാരോട് പാപ്പാ

കലയും സാഹിത്യവും മനുഷ്യർക്ക് സ്വപ്നം കാണാനും ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കണമെന്ന്, “ല ചിവിൽത്ത കത്തോലിക്ക” എന്ന പ്രസിദ്ധീകരണവും ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സമ്മേനത്തിൽ ഫ്രാൻസിസ് പാപ്പാ. കലാ, സാഹിത്യങ്ങൾക്ക് മാനവികതയിൽ ഏറെ സ്ഥാനമുണ്ടെന്നും, മനുഷ്യരെ സ്വപ്നം കാണാനും, അവരുടെ ജീവിതത്തിലെ ആശങ്കകൾ കലാത്മകമായി പങ്കുവയ്ക്കാനും, ലോകത്തിൽ ദൈവത്തിന്റെ സന്ദേശം മറ്റുള്ളവർക്ക് മനസ്സിലാക്കാനും സഹായിക്കാനാകുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മെയ് 27 ശനിയാഴ്ചയാണ് മേൽപ്പറഞ്ഞ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചത്. കലയ്ക്കും സാഹിത്യത്തിനും തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പാപ്പാ, തന്നെത്തന്നെയും മറ്റുളളവരെയും മനസിലാക്കാനും, മനുഷ്യമനസ്സിനെയും വിശ്വാസത്തെയും ആഴത്തിൽ അറിയാനും, അജപാലനപ്രവർത്തനത്തും, താൻ ഇപ്പോഴായിരിക്കുന്ന സേവനരംഗത്തും സഹായിക്കാനും സാധിക്കുന്നുണ്ടെന്ന് വിശദീകരിച്ചു.

കലാ സാഹിത്യരംഗങ്ങളിലുള്ളവർ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി, കണ്ണുകൾകൊണ്ട് കാണുക എന്നതിനൊപ്പം, സ്വപ്നം കാണാനും, സ്വപ്നം കാണാൻ സഹായിക്കാനും സാധിക്കുന്നവരാണെന്ന് പാപ്പാ പറഞ്ഞു. ലോകം ആയിരിക്കുന്ന അവസ്ഥയെ വർണ്ണിക്കുന്നതിനൊപ്പം, വ്യത്യസ്തമായ ഒരു രീതിയിൽ പ്രവാചകദൗത്യത്തോടെ അവയെക്കുറിച്ച് പറയാനും മനസിലാക്കിത്തരാനും സാഹിത്യരംഗത്തുള്ളവർക്ക് സാധിക്കുന്നു. ലോകത്തിന്റേതായ ശബ്ദങ്ങൾക്കിടയിൽ ദൈവത്തിന്റെ സ്വരം തിരിച്ചറിയാനും സാഹിത്യ, കലാ രംഗങ്ങളിലുള്ളവർക്ക് സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.