റിമിനി കത്തീഡ്രലിൽ വെച്ച് രോഗികൾ, ഭിന്നശേഷിക്കാർ, കരിത്താസ് പ്രസ്ഥാനത്തിന്റെ സഹായത്തോടെ കഴിയുന്ന പാവപ്പെട്ടവർ എന്നിവരുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും അവരോടുള്ള ദൈവത്തിന്റെ സ്നേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ സൗഹൃദത്തിനായുള്ള 47-ാമത് സംഗമത്തിൽ പങ്കെടുത്തവരുമായി സംസാരിച്ച ശേഷം, ലെയോ പതിനാലാമൻ മാർപാപ്പ റിമിനി കത്തീഡ്രലിലേക്ക് യാത്ര തിരിക്കുകയും രോഗികളും ഭിന്നശേഷിക്കാരും കരിത്താസിന്റെ സംരക്ഷണയിൽ കഴിയുന്ന പാവപ്പെട്ടവരുമായ ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി അറിയിച്ച പാപ്പ, കത്തീഡ്രൽ എന്നാൽ “നിങ്ങൾ സ്വന്തം വീട്ടിൽ ആയിരിക്കുന്നതുപോലെയാണെന്ന്” വ്യക്തമാക്കി. കാരണം, യേശു തന്റെ ജീവിതകാലത്ത് രോഗികളെയും പാവപ്പെട്ടവരെയും ഭിന്നശേഷിക്കാരെയും “സൗഖ്യമാക്കാനും അവരുടെ ആത്മാഭിമാനത്തിന് യോജിച്ച ജീവിതം തിരികെ നൽകാനുമായി” കേന്ദ്രസ്ഥാനത്തുതന്നെ സ്വീകരിച്ചിരുന്നു.
ആ രീതിയിലൂടെ ദൈവത്തിന്റെ അളവറ്റ സ്നേഹവും കരുണയുമാണ് അവിടുന്ന് വെളിപ്പെടുത്തിയത്. ആ അടയാളങ്ങൾ അനുഭവിച്ചറിയുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത ശേഷം, ഈ ജനങ്ങൾ യേശുവിനെ പിന്തുടരുകയും അവിടുത്തെ ശിഷ്യഗണത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഈ മാതൃക പിന്തുടരാൻ ലെയോ മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു. യേശു നമ്മെ സൗഖ്യമാക്കാനും, പൊറുക്കാനും, രൂപാന്തരപ്പെടുത്താനും നാം അനുവാദം നൽകേണ്ടതുണ്ട്. അതിനുശേഷം, എല്ലാവരിലേക്കും സുവിശേഷം എത്തിക്കുന്നതിനായി അവിടുന്ന് രൂപീകരിച്ച അവിടുത്തെ സഭയിലൂടെ ഒന്നിച്ച് മുന്നേറാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.



