വെടിയൊച്ചകൾ നിലച്ച മണ്ണിൽ അവശേഷിക്കുന്നത് വേദനയും ചോദ്യങ്ങളും; ജോർദാനിലെ പള്ളി ആക്രമണത്തിലെ നൊമ്പരപ്പെടുത്തുന്ന നേർക്കാഴ്ചകൾ

ജോർദാനിലെ മരുഭൂമികളിലൂടെയുള്ള യാത്ര ശാന്തവും നിശ്ചലവുമാണ്. അവിടവിടെയായി ചിതറിക്കിടക്കുന്ന കൊച്ചു ഗ്രാമങ്ങൾ. നൂറ്റാണ്ടുകളായി കുടുംബങ്ങൾ ഒരുമിച്ച് ജീവിതം പങ്കുവയ്ക്കുന്ന ഈ സമൂഹങ്ങളിൽ ഒരു ആപത്ത് വന്നാൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന ആഴത്തിലുള്ള വിശ്വാസമുണ്ട്. മധ്യ ജോർദാനിലെ കറാക്ക് (Karak) ഗവർണറേറ്റിലുള്ള ഹമൂദ് (Hamoud) എന്ന ഗ്രാമത്തിന്റെയും വിശ്വാസം ഇതുതന്നെയായിരുന്നു.

എന്നാൽ ഒക്ടോബർ 23 വെള്ളിയാഴ്ച ആ സുരക്ഷിതത്വബോധം തകർന്നടിഞ്ഞു. ഒരു സംസ്കാര ശുശ്രൂഷയ്ക്കായി സെന്റ് ജോർജ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് പുറത്ത് ആളുകൾ ഒത്തുകൂടിയപ്പോൾ തോക്കുധാരികൾ ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്വേഷണം തുടരുന്നതിനിടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒൻപത് പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പള്ളി ആക്രമണത്തിന് ശേഷം ജീവിതത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുകയാണ് ജോർദാനിലെ ക്രൈസ്തവർ.

ഇന്ന് ആ പള്ളി ഒരു ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. തകർന്ന ജനൽ ചില്ലുകളും വെടിയുണ്ടകളുടെ പാടുകളും അവിടെ അവശേഷിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്തിന് കാവൽ നിൽക്കുന്നുണ്ട്. തലമുറകളായി പള്ളിക്ക് ചുറ്റും നിൽക്കുന്ന ഒലിവ് മരങ്ങൾക്ക് പോലും അവിടെയുള്ളവർക്ക് ആശ്വാസം പകരാൻ കഴിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം വെടിവയ്പ്പ് നിന്നതോടെ ആക്രമണം അവസാനിച്ചില്ല.

‘ഒരു പള്ളിയിൽ ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയില്ല’

ഒരു സാധാരണ സംസ്കാര ശുശ്രൂഷ എങ്ങനെയാണ് ഭീകരതയുടെ രംഗമായി മാറിയതെന്ന് രക്ഷപ്പെട്ട ഒരാൾ വിവരിച്ചു. അവരുടെ പാരമ്പര്യമനുസരിച്ച് സംസ്കാര ചടങ്ങുകളിൽ സ്ത്രീകൾ പള്ളിക്കുള്ളിൽ പ്രവേശിക്കുമ്പോൾ പുരുഷന്മാർ പുറത്താണ് നിൽക്കാറുള്ളത്.

“വെടിയൊച്ച കേൾക്കുമ്പോൾ ഞാൻ പുറത്തായിരുന്നു. ഉടൻ തന്നെ ഞാൻ നിലത്തേക്ക് കമിഴ്ന്നുകിടന്നു. അക്രമി വീണ്ടും തിരകൾ നിറച്ച് വെടിവയ്പ്പ് തുടർന്നു. മരണം ഉറപ്പാക്കാൻ അക്രമിചിലർക്ക് നേരെ ആവർത്തിച്ച് വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു പള്ളിയിൽ ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

പള്ളിയുടെ പ്രധാന കവാടത്തിന് സമീപമാണ് വെടിവയ്പ്പ് ആരംഭിച്ചത്. എന്നാൽ, പരിക്കേറ്റ ഒരാൾക്ക് പള്ളിയുടെ വാതിലുകൾ അകത്തുനിന്ന് അടക്കാൻ കഴിഞ്ഞതുകൊണ്ട് ഉള്ളിലുണ്ടായിരുന്ന നൂറോളം പേരുടെ ജീവൻ രക്ഷിക്കാനായി. തുടർന്ന് അക്രമികൾ പള്ളിയുടെ ജനാലകൾക്ക് നേരെ വെടിയുതിർത്തു. അക്രമികൾ പള്ളിക്കുള്ളിൽ കടന്നിരുന്നെങ്കിൽ അതൊരു വലിയ കൂട്ടക്കൊലയായി മാറിയേനെ എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

നഷ്ടപ്പെട്ട ജീവനുകളെയും പരിക്കേറ്റവരെയും ഓർത്ത് സമൂഹം വിതുമ്പുമ്പോൾ, ഉറക്കമില്ലാത്ത രാത്രികളും ഭയവുമാണ് ഈ ആക്രമണം അവശേഷിപ്പിച്ചത്. “ആ ഭീകരദൃശ്യങ്ങൾ കണ്ടതിനുശേഷം എനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ല,” അദ്ദേഹം പറഞ്ഞു.

അതേസമയം, തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ജോർദാൻ അധികൃതർ വ്യക്തമാക്കി. അക്രമികളെ ‘ഭീകരർ’ എന്നും ‘ഇസ്ലാമിന് പുറത്തുള്ളവർ’ എന്നും വിശേഷിപ്പിച്ച ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, തീവ്രവാദികളെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. എങ്കിലും, ജോർദാനിലെ ക്രൈസ്തവർക്ക് ഇനിയും സുരക്ഷിതമായി ഒത്തുകൂടാനും പ്രാർഥിക്കാനും ദുഃഖം ആചരിക്കാനും കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

തലമുറകളായി കറാക്കിൽ ക്രൈസ്തവരും മുസ്ലീങ്ങളും സമാധാനത്തോടെയാണ് ജീവിച്ചിരുന്നത് എന്നതിനാൽ ഈ ആക്രമണം ഏവരിലും വലിയ ഞെട്ടലുളവാക്കി. “സംഭവിച്ചത് അവിശ്വസനീയമാണ്. കറാക്കിൽ ഞങ്ങളുടെ മുസ്ലീം സഹോദരങ്ങളോടൊപ്പം ഞങ്ങൾ എപ്പോഴും സമാധാനത്തോടെയാണ് ജീവിച്ചത്. ഈ ക്രൂരത ചെയ്തവർക്ക് മതമില്ല; ധാർമ്മികതയുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ജോർദാനിൽ ഇതിനുമുമ്പും ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു പള്ളിയിലെ സംസ്കാര ചടങ്ങിനെത്തിയവർക്ക് നേരെയുണ്ടായ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഓർത്തഡോക്സ് സഭ പോലുള്ള ചരിത്രപരമായ സഭകളിലെ വിശ്വാസികൾക്ക് സ്വതന്ത്രമായി ആരാധന നടത്താൻ അനുവാദമുള്ള രാജ്യമായാണ് ജോർദാൻ അറിയപ്പെടുന്നത്.

ആശ്വസിപ്പിച്ച് സർക്കാർ, എങ്കിലും ഭയം വിട്ടൊഴിയാതെ ജോർദാനിലെ ക്രൈസ്തവ സമൂഹം

ജോർദാനിലെ ക്രൈസ്തവ സമൂഹത്തിന് രാജ്യത്തിന്റെ നേതൃത്വത്തിൽ നിന്നുള്ള പ്രതികരണം വലിയ ആശ്വാസമായി. സർക്കാരിന്റെ ഇടപെടൽ വേഗത്തിലായിരുന്നുവെന്നും ആക്രമണം നടന്ന ദിവസം തന്നെ ജോർദാൻ രാജാവ് ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചത് വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും മറ്റൊരു ജോർദാനിയൻ ക്രൈസ്തവൻ പറഞ്ഞു. കൊല്ലപ്പെട്ടവരെ ‘ഞങ്ങളുടെ ജോർദാനിയൻ രക്തസാക്ഷികൾ’ എന്ന് വിശേഷിപ്പിച്ച അബ്ദുള്ള രണ്ടാമൻ രാജാവ്, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി.

മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. തങ്ങൾ ഒറ്റപ്പെട്ട ഒരു സമൂഹമല്ലെന്നും, രാജ്യത്തിന് വിലപ്പെട്ട ജോർദാനിയൻ പൗരന്മാരാണെന്നും ഇരകൾക്കും കുടുംബങ്ങൾക്കും ബോധ്യപ്പെടുത്താൻ ഈ നടപടികൾ സഹായിച്ചു. എങ്കിലും അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പ്രതികളുടെ അറസ്റ്റ് കൊണ്ട് മാത്രം നഷ്ടപ്പെട്ട സുരക്ഷിതത്വബോധം പൂർണ്ണമായി തിരികെ കൊണ്ടുവരാനാവില്ല.

ഈ ആക്രമണം ആളുകളെ വ്യത്യസ്ത വഴികളിലൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഗ്രാമങ്ങളിലുള്ള ചിലർ സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൈവശം വെക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, മറ്റുചിലർ സുരക്ഷിതത്വം തേടി ജോർദാൻ വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗത്തിന്, സ്വന്തം മണ്ണിൽ വേരൂന്നി നിൽക്കാനും മുസ്ലീം അയൽക്കാർക്കൊപ്പം തുടർന്നും ജീവിക്കാനുമുള്ള നിശ്ചയദാർഢ്യം ഈ സംഭവം മൂലം വർദ്ധിച്ചിരിക്കുകയാണ്. ഇന്ന് ജോർദാനിലെ ക്രൈസ്തവർക്ക് സുരക്ഷ നൽകുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ ഒരു വിശ്വാസി ഹൃദയത്തിൽ നിന്ന് മറുപടി നൽകി: “യേശു മാത്രമാണ് ഏക രക്ഷ; എനിക്ക് മരണത്തെ ഭയമില്ല.” എന്നാൽ, അത്തരം ക്രൂരതകൾക്ക് പ്രേരിപ്പിക്കുന്ന തീവ്രവാദ ചിന്താഗതികളെക്കുറിച്ചാണ് അദ്ദേഹത്തിന് കൂടുതൽ ആശങ്ക.

‘അവരെല്ലാവരും പ്രിയപ്പെട്ടവരായിരുന്നു’

വെടിവയ്പ്പിൽ നിന്ന് രക്ഷപ്പെട്ടവരുടെ വേദന, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളിലേക്കും സുഖം പ്രാപിച്ചുവരുന്നവരിലേക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന സമൂഹത്തിലേക്കും വ്യാപിക്കുകയാണ്. മറ്റുള്ളവർ എങ്ങനെയാണ് തനിക്കുവേണ്ടി പ്രാർഥിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ ആക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയുടെ മറുപടി സ്വന്തം കാര്യങ്ങൾക്കും അപ്പുറമായിരുന്നു: “ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ദൈവം ആശ്വാസം നൽകാൻ പ്രാർഥിക്കുക. അവരുടെ വേദന എനിക്ക് മനസ്സിലാകും; അവരെല്ലാവരും പ്രിയപ്പെട്ടവരായിരുന്നു. എനിക്കും പള്ളിയിലുണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക. കാര്യങ്ങൾ ശാന്തമാകാൻ പ്രാർഥിക്കുക.”

അവരുടെ വാക്കുകളിൽ ഒരു സമൂഹത്തിന്റെ മുഴുവൻ ദുഃഖവുമുണ്ട്. മരിച്ചവർ വെറുമൊരു വാർത്താ റിപ്പോർട്ടിലെ പേരുകൾ മാത്രമല്ലെന്നും, പള്ളിയുടെ വാതിലുകൾ വീണ്ടും തുറന്നാലും അവരുടെ അഭാവം എന്നും വേദനയോടെ അനുഭവപ്പെടുമെന്നും അവർക്കറിയാം.

വെടിയൊച്ചകൾ നിലച്ചെങ്കിലും വേദനകളും ചോദ്യങ്ങളും അവശേഷിക്കുകയാണ്. നീതിയെക്കുറിച്ചും ഐക്യത്തെക്കുറിച്ചും തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സർക്കാർ സംസാരിച്ചു കഴിഞ്ഞു. മതഭ്രാന്തിനെ വെല്ലുവിളിക്കാനും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും സഹായിക്കുന്ന അർഥവത്തായ പരിഷ്കാരങ്ങളിലേക്ക് ഈ വാക്കുകൾ മാറുമോ?

ഇപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം പ്രാർഥിക്കുക എന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ എപ്പോഴും ആദ്യം ആവശ്യപ്പെടുന്നത് അതാണ്. പ്രാർഥന എന്നത് നിഷ്ക്രിയത്വമല്ല; എന്ത് സംഭവിച്ചാലും തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ക്രൈസ്തവരെ ഓർമ്മിപ്പിക്കുന്ന നിർണ്ണായകമായ ജീവനാഡിയാണത്.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.