ഭർത്താവും മക്കളും ഭൂചലനത്തിൽ കൊല്ലപ്പെട്ടു: ഒരു മകൻ മരിച്ചത് കണ്മുൻപിലും: എങ്കിലും വിശ്വാസത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാത്ത ഒരമ്മ

ജീവിതത്തിൽ സ്വന്തം എന്ന് കരുതുന്ന എല്ലാം ഒരു നിമിഷം ഇല്ലാതാകുന്ന നിമിഷം. ഭർത്താവും മകനും ഭൂചലനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു മകൻ അവസാന ശ്വാസത്തിനായി കണ്മുൻപിൽ പിടയുകയാണ്. ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് അതീവ വേദനയാൽ പിടയുന്ന ആ മകന്റെ കൈപിടിച്ച് നിസ്സഹായയായി നിൽക്കുന്ന അമ്മ. ആ അമ്മയ്ക്ക് ഒന്ന് മാത്രമേ തന്റെ മകനോട് പറയാൻ ഉണ്ടായിരുന്നുള്ളൂ “നിന്നെ ഞാൻ ഒറ്റയ്ക്കാക്കില്ല”. വർഷങ്ങൾക്കിപ്പുറം ആ ഭീകര നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് മരിയ എലീന. വേദനകളും പ്രതിസന്ധികളും തളർത്തിയപ്പോഴും ആ അമ്മ ലോകത്തോട് വിളിച്ചു പറഞ്ഞത് “ദൈവമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ” എന്നാണ്.

സാധാരണക്കാര്‍ ദുരിതങ്ങളുടെ നടുവില്‍ തളരുകയും വേദനകളില്‍ ദൈവത്തെ തള്ളിപ്പറയുകയും ചെയ്യുമ്പോള്‍, അസാധാരണമായ വിശ്വാസം കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് മരിയ എലീന എന്ന ഈ അമ്മ.

അപ്രതീക്ഷിതമായി എത്തിയ ഭൂചലനം

2026 ജൂൺ 24-ന് മരിയ എലീന റോച്ച കാരക്കാസിലായിരുന്നു. വെനസ്വേലയിലെ ഒരു പൊതു അവധിദിനമായിരുന്ന ആ ബുധനാഴ്ച, ആദ്യത്തെ വെനസ്വേലൻ വിശുദ്ധരായ സാന്റാ കർമൻ റെൻഡിലെസ്, സാൻ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് എന്നിവരുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവർ തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു തീർഥാടനം നടത്താൻ തീരുമാനിച്ചു. ഭർത്താവ് വിൽസൺ, 25 വയസ്സുള്ള മകൻ റിപ്പാർഡോ, 22 വയസ്സുള്ള മകൻ എൻറിക്വെയും മരിയ എലീന റോച്ചയും കരീബിയൻ ഗോൾഫ് I ബിൽഡിംഗിലാണ് താമസിച്ചിരുന്നത്. അമ്മ തീർഥയാത്ര നടത്താൻ തീരുമാനിച്ചപ്പോൾ അച്ഛനും മക്കളും വീട്ടിലിരിക്കാം എന്ന് പറഞ്ഞു. അവർ സന്തോഷത്തോടെ അമ്മയെ യാത്രയയച്ചു. എന്നാൽ ആ യാത്രപറച്ചിൽ അവരുടെ അവസാനത്തെ യാത്രപറച്ചിൽ ആയിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല.

കാരക്കാസിൽ ആ ദിവസം സാധാരണ പോലെ കടന്നുപോയി. മരിയ എലീനയും സുഹൃത്തുക്കളും മദർ കർമന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുള്ള ബെലെൻ സ്കൂൾ സന്ദർശിച്ചു. തുടർന്ന് അവർ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് ഹൗസ് മ്യൂസിയത്തിലേക്ക് പോവുകയും, ദരിദ്രരുടെ ഡോക്ടറുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുള്ള ഔർ ലേഡി ഓഫ് കാൻഡലേറിയ പാരീസിൽ വച്ച് ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ തീർഥാടനം പൂർത്തിയാക്കുകയും ചെയ്തു. തീർഥാടനം പൂർത്തിയാക്കിയ അവർ ഒരു ഐസ് ക്രീം കഴിക്കാൻ പുറത്തിറങ്ങി. പെട്ടന്നാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

വൈകാതെ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഇന്റർനെറ്റ്, ഫോൺ ലൈനുകൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് സംഘത്തിന് പാർക്കിംഗിൽ നിന്ന് കാർ പുറത്തെടുത്ത് തനഗുവാറേനയിലേക്കുള്ള മടക്കയാത്ര ആരംഭിക്കാൻ കഴിഞ്ഞത്. തിരികെ വീട്ടിലേക്കുള്ള യാത്ര സാധാരണയിലും അവസാനിക്കാത്ത ഒന്നായി അവർക്കു തോന്നിയിരുന്നു.

മകന്റെ അവസാന ശ്വാസം വരെ കൂടെ ഇരുന്ന അമ്മ

ഇരുട്ട് പരന്നതോടെ, ആ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവിടെ അഗ്നിബാധകൾ മാത്രമാണ് ദൃശ്യമായിരുന്നത്. കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു വീണിരുന്നു. ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ പ്രതീക്ഷയറ്റ രീതിയിൽ തിരച്ചിൽ നടത്തുകയായിരുന്നു. മരിയയും കുടുംബവും താമസിച്ചിരുന്ന കെട്ടിടസമുച്ചയം വെറും ഒരു ചവറുകൂമ്പാരം പോലെ തകർന്നു തരിപ്പണമായിരുന്നു. ഒരു നിമിഷം ഹൃദയം നിലച്ചു പോകുന്ന കാഴ്ചയായിരുന്നു മരിയയ്ക്ക് അത്. ആ ആശയക്കുഴപ്പത്തിനിടയിൽ, തന്റെ മക്കളിലൊരാൾ ജീവനോടെയുണ്ടെന്നും എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ആരോ അവരോട് പറഞ്ഞു. പിന്നെ നോക്കിനിന്നില്ല. തങ്ങളുടെ ഭവനം ആയിരുന്ന സഥലത്തേക്ക് എങ്ങനെ ഒക്കെയോ അവൾ എത്തിച്ചേർന്നു.

അത് അവരുടെ ഇളയ മകൻ എൻറിക്വെ ആയിരുന്നു. അവൻ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുവെങ്കിലും അമ്മയോട് സംസാരിക്കാൻ കഴിയുമായിരുന്നു. ഭൂകമ്പത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകളിൽ ലാ ഗ്വൈറയിൽ കാര്യങ്ങൾ തികച്ചും അരാജകാവസ്ഥയിലായിരുന്നു; പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ കൈകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളരെ വേദനനിറഞ്ഞ നീണ്ട ഒരു രാത്രിയായിരുന്നു അത്.

ആ രാത്രിയിൽ തന്നെ ഒറ്റക്കാക്കി പോകരുതെന്ന് എൻറിക്വെ, മരിയ എലീനയോട് യാചിച്ചു കൊണ്ടിരുന്നു: “വിഷമിക്കേണ്ട മകനേ, അമ്മ നിന്നെ ഒരിക്കലും തനിച്ചാക്കി പോകില്ല,” അവർ മറുപടി നൽകി.

എന്നാൽ ആ സമയം എത്രത്തോളം ഭീകരമായിരുന്നു എന്ന് മരിയ ഓർക്കുകയാണ്. തന്റെ ഭർത്താവും ഒരു മകനും ആ അവശിഷ്ടങ്ങൾക്കുളിൽ മരണപ്പെട്ടു കഴിഞ്ഞു എന്ന് അവൾക്ക് അറിയാമായിരുന്നു. മറ്റൊരു മകൻ മരണവേദനയാൽ പിടയുകയാണ്. രക്ഷാപ്രവർത്തനം നടത്താൻ തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കയും അവർ ചെയ്തു നോക്കി. എല്ലാം നിഷ്‌ഫലമായിരുന്നു. ഒടുവിൽ നിസ്സഹായതയോടെ ആ കയ്യുംപിടിച്ച് അവർ മകനൊപ്പം ഇരുന്നു. രാത്രി കഴിഞ്ഞു. രാവിലെയായി, ഉച്ചയായി. വേദനയും അസ്വസ്ഥതകളും കൂടിവന്നു. ഒടുവിൽ അമ്മയുടെ മുന്നിൽ മകൻ അന്ത്യശ്വാസം വലിച്ചു. തന്റെ മകന്റെ അന്ത്യശ്വാസത്തിന്റെ സ്വരം ഇപ്പോഴും ആ അമ്മയുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ദിവസങ്ങൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്, തുടർന്ന് മരിയ എലീന അവർക്ക് ക്രിസ്തീയ ആചാരപ്രകാരം സംസ്കാരച്ചടങ്ങുകൾ നടത്തി.

പ്രതിസന്ധികൾക്ക് നടുവിലും ദൈവത്തിന്റെ കരം പിടിച്ച മരിയ

മരിയ എലീന തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് നിറഞ്ഞു തൂകുന്ന കണ്ണുകളോടെയാണ്. ഒടുവിൽ ആ കണ്ണുകൾ തുടച്ചുകൊണ്ട് അവർ പറയും, ഇതൊക്കെയാണെങ്കിലും എന്റെ ഏറ്റവും വലിയ സുഹൃത്തും സഹായവും ദൈവമാണെന്ന്. ആ മഹാദുരന്തത്തിനു ശേഷവും “എന്റെ   വിശ്വാസം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്” എന്ന് അവർ ഉറപ്പിച്ചു പറയുന്നു. എന്നാൽ ആ വഴി എളുപ്പമുള്ളതായിരുന്നില്ല, മറിച്ച് വേദനയും കുറ്റപ്പെടുത്തലുകളും ദൈവത്തോടുള്ള കോപവും നിറഞ്ഞുനിന്നതായിരുന്നു. മരിയ എലീന പൂർണ്ണമായും ഒറ്റപ്പെടുകയും പലപ്പോഴും ഉത്തരങ്ങൾക്കായി കേഴുകയും ചെയ്തു.

“ഞാൻ ദൈവത്തോട് വഴക്കിട്ടു. എന്നിൽ കടുത്ത ദേഷ്യം നിറഞ്ഞിരുന്നു. ‘എന്തുകൊണ്ടാണ് അവിടുന്ന് എന്നെ മാത്രം ഇവിടെ ഉപേക്ഷിച്ചത്’ എന്ന് നിരന്തരം ഞാൻ ദൈവത്തോട് ചോദിച്ചു. പതിയെ ഞാൻ ആ യാഥാർഥ്യം അംഗീകരിച്ചു. എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ എന്റെ സഹനങ്ങൾ സമർപ്പിച്ചു. ആ നിമിഷം മുതൽ അത് എന്റെ സമാധാനത്തിനുള്ള കാരണമായി മാറിയിരുന്നു”- മരിയ പറയുന്നു. ഇന്ന് ഒറ്റപ്പെട്ടതിന്റെ സങ്കടം ഏറെയുണ്ട് മരിയയ്ക്ക്. എങ്കിലും ദൈവം കൂടെയുണ്ടല്ലോ എന്ന ചിന്തയിൽ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് മരിയ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.