
അവധിക്കാലം ചെലവഴിക്കുന്നതിനായി കാസിൽ ഗാൻഡോൾഫോയിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നും പിയാസ ഡെല്ല ലിബർട്ടയിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്തു. അതേസമയം, തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പാപ്പ നന്ദി പറയുകയും സഹോദരീസഹോദരന്മാരായി ഒരുമിച്ചുകൂടേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്തു.
ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞാണ് മാർപാപ്പ ഇറ്റലിയിലെ ലാസിയോ മേഖലയിലുള്ള ഈ നഗരത്തിൽ എത്തിയത്. പൊന്തിഫിക്കൽ ഹൗസ്‌ഹോൾഡിന്റെ പ്രിഫെക്ചറിൽ നിന്നുള്ള പ്രസ്താവന പ്രകാരം, ജൂലൈ 27 തിങ്കളാഴ്ച വരെ പാപ്പ ഇവിടെ അവധിക്കാലം ചെലവഴിക്കും.
“ഗുഡ് ഈവനിംഗ്, ഗുഡ് ഈവനിംഗ് കാസൽ ഗാൻഡോൾഫോ!” എന്നതായിരുന്നു മാർപാപ്പയുടെ ആദ്യ വാക്കുകൾ. “നന്ദി. നിങ്ങളുടെ ഇടയിൽ ആയിരിക്കുന്നതിലും വരും ആഴ്ചകളിൽ കുറച്ചു വിശ്രമവും പ്രാർഥനയും വായനയും ഒപ്പം ഇവിടെ കുറച്ച് കായികവിനോദങ്ങളുമായി സമയം ചിലവഴിക്കാൻ സാധിക്കുന്നതിലും എനിക്ക് വലിയ സന്തോഷമുണ്ട്! ഒരുമിച്ചുകൂടുന്നത് എപ്പോഴും പ്രധാനപ്പെട്ട ഒരു നിമിഷമാണ്. നിങ്ങളെല്ലാവരും ഇവിടെയുള്ളതിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങളുടെ സ്വീകരണത്തിന് നന്ദി. ഒപ്പം സഹോദരീസഹോദരന്മാരായി നിലകൊള്ളുന്നതിനും നന്ദി” – പാപ്പ പറഞ്ഞു.
ജൂലൈ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും കാസിൽ ഗാൻഡോൾഫോയിലെ പിയാസ ഡെല്ല ലിബർട്ടയിലായിരിക്കും ആഞ്ചലൂസ് പ്രാർഥന നടക്കുക.




