
ലെയോ പതിനാലാമൻ മാർപാപ്പ തന്റെ വാർഷിക വേനൽക്കാല വിശ്രമത്തിനായി കാസിൽ ഗാൻഡോൾഫോയിലെത്തി. ജൂലൈ അഞ്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ നിന്ന് പുറപ്പെട്ട മാർപാപ്പ ജൂലൈ 27 തിങ്കളാഴ്ച വരെ അവിടെ തുടരുമെന്ന് വത്തിക്കാൻ പ്രിഫെക്ചർ ഓഫീസ് അറിയിച്ചു.
മാർപാപ്പയുടെ വിശ്രമകാലമായതിനാൽ ഈ ദിവസങ്ങളിൽ വത്തിക്കാനിലെ പൊതു-സ്വകാര്യ കൂടിക്കാഴ്ചകളും പ്രത്യേക അഭിമുഖങ്ങളും പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ച് ബുധനാഴ്ച മുതലായിരിക്കും വത്തിക്കാനിലെ പൊതുദർശനങ്ങൾ പുനരാരംഭിക്കുക.
വത്തിക്കാനിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്രാദൂരമുള്ള കാസിൽ ഗാൻഡോൾഫോയിലെ കൊട്ടാരത്തിൽ വച്ചായിരിക്കും ജൂലൈ മാസത്തിലെ ഞായറാഴ്ചകളിൽ മാർപാപ്പ ആഞ്ചലൂസ് പ്രാർഥന നയിക്കുക. അതേസമയം, പതിവായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കാറുള്ള ഈ പ്രാർഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് ഇത്തവണ കാസിൽ ഗാൻഡോൾഫോയിൽ അവസരമുണ്ടാകും.
കഴിഞ്ഞ വർഷവും ഇവിടെയാണ് മാർപാപ്പ വേനൽക്കാല അവധി ചെലവഴിച്ചത്. അന്ന് വിശ്രമത്തിനിടയിലും പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിച്ച ‘ബോർഗോ ലൗദാത്തോ സി’ വില്ലേജിൽ പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഉൾപ്പെടെയുള്ള പ്രമുഖരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു.




