വി. ലിയോപോൾഡ് മാൻഡിക്: ദിവസവും 15 മണിക്കൂർ കുമ്പസാരം കേട്ട കപ്പൂച്ചിൻ വൈദികൻ

വിശുദ്ധ പാദ്രെ പിയോ ജീവിച്ചിരുന്ന അതേകാലത്താണ് വി. ലിയോപോൾഡ് മാൻഡിക് ജീവിച്ചിരുന്നത്. 1942-ൽ മരിക്കുന്നതുവരെ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാദുവയിൽ ചെലവഴിച്ചു. ദിവസവും 15 മണിക്കൂർ കുമ്പസാരം കേട്ട കപ്പൂച്ചിൻ വൈദികനാണ് ലിയോപോൾഡ് മാൻഡിക്.

1942 ജൂലൈ 30-ന് അദ്ദേഹം മരിച്ചു, പിന്നീട് 1983 ഒക്ടോബർ 16-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയെ പ്രചോദിപ്പിച്ച കപ്പൂച്ചിൻ വൈദികനായിരുന്നു അദ്ദേഹം. കുമ്പസാരക്കൂട്ടിൽ ലളിതമായ ജീവിതം നയിച്ച വിശുദ്ധ ലിയോപോൾഡ് ജീവിതത്തിൽ വലിയ അസാധാരണമായ ദർശനങ്ങളോ കാര്യങ്ങളോ ഒന്നും ചെയ്ത വ്യക്തിയല്ല. വിശുദ്ധ പദവിയിലേക്ക് ഉയർത്തിയപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത് ഇപ്രകാരമാണ്:

മഹത്തായ സംഭവങ്ങളില്ലാത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്: കപ്പൂച്ചിൻ വൈദികരുടെ പതിവ് പോലെ ഒരു ആശ്രമത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള സ്ഥലംമാറ്റം, അതിൽ കൂടുതലൊന്നുമില്ല. വിശുദ്ധ ലിയോപോൾഡ് ദൈവശാസ്ത്രപരമോ സാഹിത്യപരമോ ആയ ഒരു കൃതിയും എഴുതിയിട്ടില്ല. അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും, അദ്ദേഹം ഒരു ദരിദ്ര സന്യാസി മാത്രമായിരുന്നു: രോഗിയായ ഒരു വൈദികൻ.

കുമ്പസാരക്കൂട്ടിൽ വിശുദ്ധ ലിയോപോൾഡിന്റെ ശുശ്രൂഷ പൂർണ്ണമായും ‘മറഞ്ഞിരുന്നു’. ഒരു വിശുദ്ധ കുമ്പസാരക്കാരനും ആത്മീയ ഉപദേഷ്ടാവുമായി അദ്ദേഹം കണക്കാക്കപ്പെട്ടു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശുദ്ധിയുടെ മാതൃകയ്ക്ക് വിശുദ്ധ ലിയോപോൾഡിനെ പ്രശംസിച്ചുകൊണ്ട് തന്റെ പ്രസംഗം തുടർന്നു:

അദ്ദേഹത്തിന്റെ മഹത്വം മറ്റൊരിടത്താണ്: തന്റെ പൗരോഹിത്യ ജീവിതത്തിലെ മുഴുവൻ സമയത്തും, അതായത്, 52 വർഷക്കാലം, നിശബ്ദതയിലും, രഹസ്യത്തിലും, ഒരു കുമ്പസാരക്കൂട്ടിൽ എളിമയോടെ സേവനം ചെയ്തു.

ഒരാൾക്ക് അദ്ദേഹത്തെ വാക്കുകൊണ്ട് നിർവചിക്കണമെങ്കിൽ, ജീവിതകാലത്ത് അദ്ദേഹത്തിന്റെ പക്കൽ കുമ്പസാരിച്ചവരും സഹോദരന്മാരും ചെയ്തതുപോലെ, അദ്ദേഹം ‘കുമ്പസാരക്കാരൻ’ ആണ്; ‘കുമ്പസാരിപ്പിക്കാൻ’ മാത്രമേ അദ്ദേഹത്തിന് അറിയൂ. എന്നാൽ അതിന്റെ മഹത്വം ഇതിൽ അടങ്ങിയിരിക്കുന്നു.

പോപ്പ് ബെനഡിക്ട് പതിനാറാമനും ഫ്രാൻസിസ് മാർപാപ്പയും വിശുദ്ധ ലിയോപോൾഡിന്റെ ജീവിതത്തിൽ വലിയ പ്രചോദനം കണ്ടെത്തി. റോമിലെ വൈദികരെ അവരുടെ ശുശ്രൂഷയിൽ ഒരു തിളക്കമുള്ള മാതൃകയായി കാണാൻ അവർ ഇരുവരും പ്രോത്സാഹിപ്പിച്ചു.

ദൈവത്തിന്റെ ദിവ്യകാരുണ്യത്തിന്റെ വിശ്വസ്ത ഉപകരണമായിരുന്നു വിശുദ്ധ ലിയോപോൾഡ്. ഓരോ പാപിയോടും ഹൃദയംഗമമായ അനുകമ്പ അദ്ദേഹം കാണിച്ചു, അവരെ ഒരിക്കലും അപമാനിച്ചില്ല. എപ്പോഴും അവരോട് കരുതലോടും സ്നേഹത്തോടും കൂടി പെരുമാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.