
പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യ ടെലിവിഷൻ അഭിമുഖം നൽകി ലെയോ പതിനാലാമൻ പാപ്പ. സാന്താ മരിയ ഡെല്ല ഗലേരിയയുടെ എക്സ്ട്രാ ടെറിട്ടോറിയൽ സോണിലെ വത്തിക്കാൻ റേഡിയോ ഷോർട്ട്‌വേവ് ട്രാൻസ്മിഷൻ സെന്റർ സന്ദർശിച്ച ശേഷം ജൂൺ 20 നാണ് പാപ്പ ടെലിവിഷൻ അഭിമുഖം അനുവദിച്ചത്.
ഇറ്റലിയിലെ പൊതു ടെലിവിഷനായ RAI യിലെ TG1 വാർത്താപരിപാടിയിലെ ഒരു പത്രപ്രവർത്തകൻ സ്വയമേവ പാപ്പയോട് ചില ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ഗുരുതരമായ അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച് പാപ്പയോടു ചോദിച്ചു. “ഇത് ശരിക്കും ആശങ്കാജനകമാണ്. ഇക്കാലത്ത് ആളുകൾ പ്രധാനമായും മിഡിൽ ഈസ്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, യുദ്ധം അവിടെ മാത്രമല്ല” – മറുപടിയായി പാപ്പ പറഞ്ഞു. ടെലിവിഷൻ അഭിമുഖത്തിലും ലോകസമാധാനത്തിനായുള്ള തന്റെ ആഹ്വാനം പാപ്പ വീണ്ടും ആവർത്തിച്ചു.




