ഉക്രൈനിലെ റഷ്യൻ ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലെയോ പാപ്പ; സമാധാനത്തിനായി വീണ്ടും ആഹ്വാനം

ഉക്രൈനിലെ വിവിധ നഗരങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ റഷ്യ നടത്തുന്ന ശക്തമായ ആക്രമണങ്ങളിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. നിരപരാധികളായ ജനങ്ങളുടെ ജീവനെടുക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകളുടെ പാതയിലേക്ക് തിരിച്ചുവരണമെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ ആവശ്യപ്പെട്ടു.

ഉക്രൈനിലെ അടിസ്ഥാന സൗകര്യങ്ങൾക്കും നഗരങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളുടെ വാർത്തകൾ അതീവ വേദനയോടെയാണ് താൻ ശ്രവിച്ചതെന്ന് ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു. വർഷങ്ങളായി ഭയത്തിലും ആശങ്കയിലും കഴിയുന്ന ജനങ്ങളുടെ ദുരിതത്തിൽ തന്റെ മനസ്സ് നീറുന്നുണ്ടെന്നും അവിടത്തെ ജനങ്ങളോടുള്ള ആത്മീയ അടുപ്പം വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

“അക്രമങ്ങളും വിനാശകരമായ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണം. ചർച്ചകൾക്കും നയതന്ത്രനീക്കങ്ങൾക്കുമായി ഹൃദയങ്ങൾ തുറക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,” മാർപാപ്പ പറഞ്ഞു. തടസ്സപ്പെട്ടു കിടക്കുന്ന സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ നടക്കുന്ന ശ്രമങ്ങൾ ഫലം കാണുമെന്നും നയതന്ത്രപരമായ പരിഹാരങ്ങൾക്ക് വഴിതുറക്കുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘർഷങ്ങളിലും സമാധാനവും സൗഹാർദവും പുനഃസ്ഥാപിക്കപ്പെടാൻ പ്രാർഥിക്കണമെന്നും മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അടുത്തിടെ ഉക്രൈനിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങളിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഈ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.