
ഈശോയുടെ രാജത്വം പ്രചരിപ്പിക്കുന്നതിനും അതിന്റെ തിരുനാൾ ആചരിക്കുന്നതിനും അക്ഷീണം പ്രവർത്തിച്ച ഒരു സ്ത്രീ ഉണ്ട്. മാർത്ത ഡി നോയിലാറ്റ്! ജീവിതത്തിൽ തനിക്ക് ലഭിച്ചുവെന്ന് അവർ വിശ്വസിച്ച ഒരു സവിശേഷമായ ദൗത്യമായിരുന്നു ക്രിസ്തുവിന്റെ രാജത്വം പ്രചരിപ്പിക്കുക എന്നത്. ഈ ഒരു ദൗത്യം ഏറ്റെടുത്തതിനാൽ ‘ക്രിസ്തുരാജന്റെ അപ്പസ്തോല’ എന്ന് അവർ അറിയപ്പെടുന്നു.
ജീൻ-ബാപ്റ്റിസ്റ്റ് ഡെവൺസിന്റെയും ആനി സെലീനയുടെയും പന്ത്രണ്ട് മക്കളിൽ ഏഴാമത്തെ കുട്ടിയായി ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഡി നോയിലാറ്റ് ജനിച്ചത്. ആഴമായ ആത്മീയ ജീവിതം നയിച്ച ഇവർക്ക് ആദ്യം സന്ന്യാസ ജീവിതം സ്വീകരിക്കാനായിരുന്നു താല്പര്യം. മിണ്ടാമഠത്തിൽ പ്രവേശിക്കുന്നതിനായി ഏകദേശം ഏഴുവർഷത്തോളം അവർ ദൈവത്തിന്റെ തിരുഹിതം അറിയുന്നതിനായി പ്രാർഥിച്ചു. എന്നാൽ അനാരോഗ്യം മൂലം മഠത്തിൽ നിന്ന് മടങ്ങി. പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയും ചെയ്തു. വിവാഹിതയായെങ്കിലും തന്റെ ജീവിതപങ്കാളിക്ക് ഒപ്പം മിഷനറിയായി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു അവർ.
ക്രിസ്തുവിന്റെ രാജത്വത്തിനു ലോകമെമ്പാടും അംഗീകാരം ലഭിക്കണം എന്ന് ഡി നോയിലാറ്റ് അതിയായി ആഗ്രഹിച്ചു. അതിനായി ബെനഡിക്ട് പതിനഞ്ചാമൻ, പയസ് പതിനൊന്നാമൻ എന്നീ മാർപാപ്പമാരുടെ പ്രോത്സാഹനത്തോടും അംഗീകാരത്തോടും കൂടി ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനായി വിശ്വാസികളെ ഒരുമിപ്പിക്കാൻ അവർ ലോകമെമ്പാടും ഒരു ഹിതപരിശോധന സംഘടിപ്പിച്ചു. ആറ് വർഷത്തെ കഠിനമായ പ്രയത്നത്തിലൂടെ നടത്തിയ അവരുടെ ഈ ശ്രമങ്ങൾ, സഭയിൽ ക്രിസ്തുവിന്റെ രാജത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും, 1925 ഡിസംബറിൽ പയസ് പതിനൊന്നാമൻ മാർപാപ്പ തന്റെ ‘ക്വാസ് പ്രൈമാസ്’ (Quas Primas) എന്ന ചാക്രികലേഖനത്തിലൂടെ ക്രിസ്തുരാജന്റെ തിരുനാൾ ഔദ്യോഗികമായി സ്ഥാപിക്കുന്നതിനും വഴിയൊരുക്കി.
ചരിത്രം മാറ്റി മറിച്ച അഭ്യർഥന
1870-ൽ ഇറ്റാലിയൻ ജെസ്യൂട്ട് വൈദികനായ ജീൻ-മരിയ സന്ന-സൊലാറോ ക്രിസ്തുരാജന്റെ തിരുനാൾ സ്ഥാപിക്കാൻ അഭ്യർഥിച്ചെങ്കിലും, വത്തിക്കാനിലെ ആരാധനാക്രമ സമിതി ആ ആവശ്യം നിരസിച്ചു. പിന്നീടാണ് മാർത്ത ഈ ആവശ്യം ഓട്ടണിലെ മെത്രാനായ മോൺസിഞ്ഞോർ ബെർതോയിൻ വഴി മാർപാപ്പമാരുടെ മുന്നിലേക്ക് വയ്ക്കുന്നത്. അങ്ങനെ മെത്രാന്മാരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെയും ആഗ്രഹവും പിന്തുണയും തിരിച്ചറിഞ്ഞ പയസ് പതിനൊന്നാമൻ മാർപാപ്പ, 1925-ലെ വിശുദ്ധ വർഷത്തിന്റെ അവസാന ദിവസത്തെ ദിവ്യബലി മധ്യേ തിരുനാൾ സ്ഥാപിക്കാനുള്ള തന്റെ തീരുമാനം ഡി നോയിലാറ്റിനെ അറിയിച്ചു. ആ ചടങ്ങിലേക്ക് മാർത്തയെയും ഭർത്താവിനെയും വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നു.
ആഗമനകാലത്തിന് തൊട്ടുമുമ്പുള്ള അവസാന ഞായറാഴ്ചയാണ് ഇന്ന് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുന്നത്. ക്രിസ്തുരാജന്റെ തിരുനാൾ സ്ഥാപിക്കപ്പെട്ട് അധികം താമസിയാതെ, 1926 ഫെബ്രുവരി അഞ്ചിന് മാർത്ത ഡി നോയിലാറ്റും അവരുടെ സെക്രട്ടറിയും അപ്രതീക്ഷിതമായി മരണമടഞ്ഞു. ഓഫീസിൽ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് ഇരുവരും മരണമടഞ്ഞത്.




