
ഒരു സെക്കൻഡിന്റെ ആയിരത്തിലൊരംശം പോലും വിജയപരാജയങ്ങളെ നിർണ്ണയിക്കുന്ന ലോകമാണ് ഫോർമുല 1 കാറോട്ട മത്സരങ്ങളുടേത്. അതിവേഗതയും കടുത്ത മത്സരവും സമ്മർദവും നിറഞ്ഞ ഈ കായികലോകത്ത് ട്രാക്കിലെ ഏതൊരു വിജയത്തേക്കാളും ആഴമേറിയ അടിത്തറയായി കത്തോലിക്കാ വിശ്വാസത്തെ മുറുകെ പിടിക്കുന്ന താരങ്ങളുണ്ട്. ചിലർ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ പ്രവൃത്തികളിലൂടെയും ജീവിതരീതിയിലൂടെയും അത് മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നു. അങ്ങനെ ഒരു കത്തോലിക്കാ ദൈവവിശ്വസിയാണ് കിമി അന്റോനെല്ലി.
കിമി അന്റോനെല്ലി: ട്രാക്കിലെ വിസ്മയവും വിശ്വാസവും
ആഗോള മോട്ടോർസ്പോർട്സ് രംഗത്തെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇരുപതുകാരനായ ഇറ്റാലിയൻ മെഴ്സിഡസ് ഡ്രൈവർ ആൻഡ്രിയ കിമി അന്റോനെല്ലി. അതിവേഗത്തിലുള്ള വളർച്ചയിലൂടെ ഫോർമുല 1 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന നേട്ടം സ്വന്തമാക്കിയ അന്റോനെല്ലി, ട്രാക്കിലെ നേട്ടങ്ങൾക്കപ്പുറം തന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ പരസ്യമായ പ്രകടനങ്ങളിലൂടെയും ശ്രദ്ധ നേടുകയാണ്.
ആധുനിക കായികലോകത്ത് അപൂർവമായി മാത്രം കാണുന്ന കാഴ്ചയാണിത്. 2006 ഓഗസ്റ്റ് 25 -ന് ഇറ്റലിയിലെ ബൊളോഞ്ഞയിൽ ജനിച്ച അന്റോനെല്ലി, മോട്ടോർസ്പോർട്സുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് വളർന്നത്. മുൻ റേസിംഗ് ഡ്രൈവറും റേസിംഗ് ടീം സ്ഥാപകനുമായ പിതാവ് മാർക്കോ അന്റോനെല്ലിയുടെ പാത പിന്തുടർന്ന് ചെറുപ്പം മുതലേ വർക്ക്ഷോപ്പുകളും റേസിംഗ് ട്രാക്കുകളും അവന്റെ ജീവിതത്തിന്റെ ഭാഗമായി.
കാർട്ടിംഗിലെ മികച്ച പ്രകടനത്തിന് പിന്നാലെ പന്ത്രണ്ടാം വയസ്സിൽ മെഴ്സിഡസ് യംഗ് ഡ്രൈവർ അക്കാദമിയിൽ ഇടംനേടി. 2022 -ൽ ഇറ്റാലിയൻ ജർമ്മൻ ഫോർമുല 4 ചാമ്പ്യൻഷിപ്പുകൾ വിജയിച്ച അദ്ദേഹം ഫോർമുല 3 ഘട്ടം ഒഴിവാക്കി നേരിട്ട് ഫോർമുല 2 -ലേക്ക് പ്രവേശിച്ചു. തുടർന്ന് ലൂയിസ് ഹാമിൽട്ടൺ ഫെരാരിയിലേക്ക് മാറിയ ഒഴിവിൽ മെഴ്സിഡസ് അന്റോനെല്ലിയെ തിരഞ്ഞെടുത്തു. ആദ്യ സീസണിലെ മൂന്ന് പോഡിയം ഫിനിഷുകൾക്കും 150 പോയിന്റുകൾക്കും ശേഷം താൻ ലോക ചാമ്പ്യനാകാൻ യോഗ്യനാണെന്ന് അദ്ദേഹം തെളിയിച്ചു.
എപ്പോഴും കൂടെയുള്ള ജപമാല
കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വിജയങ്ങളിലൊന്നായ മോൺസ ഗ്രാൻഡ് പ്രിക്സ് വിജയത്തിന് ദിവസങ്ങൾക്ക് മുൻപ് പോർട്ടോഫിനോയിലെ ഒരു ചെറിയ പള്ളിയിൽ പ്രാർഥിക്കാനായി പ്രവേശിക്കുന്ന അന്റോനെല്ലിയുടെ ചിത്രങ്ങൾ ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കൂടാതെ പല അവസരങ്ങളിലും അദ്ദേഹം ജപമാല ധരിക്കുന്നതും കൈവശം കരുതുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ അടയാളമായാണ് അദ്ദേഹം ജപമാലയെ കാണുന്നത്. വിശ്വാസത്തെ തന്റെ പൊതുപ്രതിച്ഛായയുടെ പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നില്ലെങ്കിലും തന്റെ കത്തോലിക്കാ വിശ്വാസം മറച്ചുവയ്ക്കാതെ തികച്ചും സ്വാഭാവികമായി അദ്ദേഹം ജീവിക്കുന്നു. തന്റെ കരിയർ പിന്തുടരുമ്പോഴും മതപരമായ ബോധ്യങ്ങൾ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കൊണ്ടുപോകാൻ സാധിക്കുമെന്ന് ഈ യുവതാരം തെളിയിക്കുന്നു.
ചുരുക്കത്തിൽ വേഗതയുടെയും മത്സരത്തിന്റെയും ലോകത്ത് തിളങ്ങിനിൽക്കുമ്പോഴും ആത്മീയതയെയും വിശ്വാസത്തെയും ജീവിതത്തിന്റെ കരുത്തായി കാണുന്ന ഈ താരം കായികലോകത്തിന് പുതിയൊരു മാതൃകയാണ് നൽകുന്നത്. ട്രാക്കിലെ വിജയങ്ങൾക്കപ്പുറം, ദൈവത്തിലുള്ള ആശ്രയമാണ് യഥാർഥ ശക്തിയെന്ന് ഇവരുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.




