ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 26

1921 ആഗസ്റ്റ് 26 നാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് നേതാക്കളും അനുയായികളും ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് യുദ്ധം നടന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സായുധരായ പോരാളികൾ ബ്രിട്ടീഷുകാർക്കെതിരെ ഒളിയുദ്ധത്തിന് തയ്യാറെടുത്തിരുന്നു. ഓഗസ്റ്റ് 26 നു രാവിലെ കോഴിക്കോട്ടു നിന്ന് മലപ്പുറത്തേക്കു മാർച്ച് നടത്തിയ ബ്രിട്ടീഷ് സൈന്യത്തിനുനേരെ പൂക്കോട്ടൂരിനടുത്ത് വയലിൽ ഒളിച്ചിരുന്ന തദ്ദേശീയർ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. അഞ്ചുമണിക്കൂർ നീണ്ട യുദ്ധത്തിനൊടുവിൽ തദ്ദേശീയരായ 257 പേരും ബ്രിട്ടീഷ് സൈന്യത്തിലെ 80 പേരും കൊല്ലപ്പെടുകയോ, കാണാതാകുകയോ ചെയ്തു. അക്കാലത്ത് ബ്രിട്ടനിലും യൂറോപ്പിലും പൂക്കോട്ടൂർ യുദ്ധം  വലിയ ചർച്ചയായിരുന്നു.

ഇന്ത്യൻ സിനിമയെ ലോകചരിത്രത്തിൽ അടയാളപ്പെടുത്തിയ പഥേർ പാഞ്ചാലി തിയേറ്റർ പ്രദർശനത്തിനെത്തിയത് 1955 ആഗസ്റ്റ് 26 നായിരുന്നു. പ്രശസ്ത സംവിധായകൻ സത്യജിത് റേയുടെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രമായിരുന്നു ഇത്. സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപകപ്രശംസ പിടിച്ചുപറ്റിയ ആദ്യ സിനിമയായ പാഥേർ പാഞ്ചാലി 1956 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഹ്യുമൺ ഡോക്യുമെന്ററി പുരസ്കാരം നേടി. ബിഭൂതി ഭൂഷൺ ബാന്ദോപാധ്യായയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കിയത്. മൂന്നു തലമുറയുടെ കഥ പറയുന്ന നോവലിൽ ഏതാണ്ട് മുന്നൂറോളം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ സിനിമയ്ക്കായി ഇവയെ വലിയതോതിൽ വെട്ടിച്ചുരുക്കിയാണ് റേ അവതരിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് മുപ്പതോളം കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. സുബീർ ബാനർജി, കനു ബാനർജി, കരുണാ ബാനർജി, ഉമദാസ്ഗുപ്ത, ചുനിബാലദേവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചലച്ചിത്രത്തിന് സംഗീതം പകർന്നത് രവിശങ്കറാണ്.

1955 ആഗസ്റ്റ് 26 നാണ് ഒരു ടെന്നീസ് മാച്ചിന്റെ ആദ്യ കളർ ടെലികാസ്റ്റിംഗ് നടക്കുന്നത്. എൻബിസി ടെലിവിഷനാണ് കളർ ഫോർമാറ്റിൽ മാച്ച് പ്രക്ഷേപണം ചെയ്തത്. ഡേവിസ് കപ്പിൽ അമേരിക്കയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരമായിരുന്നു അത്. കായികപ്രേമികൾക്ക് വലിയ ആവേശവും സന്തോഷവും നൽകിയ ദൃശ്യവിരുന്നായിരുന്നു അത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.